ലിവര്‍പൂളിനെ മെരുക്കിയെടുത്ത് ക്രിസ്റ്റല്‍ പാലസ്
ചാമ്പ്യന്‍സ് ലീഗില്‍ റയലിന് നേരെ നാണം കേട്ട തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ ഇന്നലെ പ്രീമിയര്‍ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ സമനിലയില്‍ കുരുങ്ങി.പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള ലക്ഷ്യവുമായി പിച്ചിലേക്ക് ഇറങ്ങിയ ലിവര്‍പൂളിനു ലഭിച്ച വലിയ തിരിച്ചടി തന്നെ ആണ് ഈ സമനില.നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍.

കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ വിജയിക്കാതെ തരംതാഴ്ത്തൽ മേഖലയ്ക്ക് തൊട്ടു മുകളില്‍ കഴിയുന്ന പാലസ് 12-ാം സ്ഥാനത്താണ്.തുടക്കം മുതല്‍ക്ക് തന്നെ പിച്ചില്‍ ആധിപത്യം പുലര്‍ത്താന്‍ പൂളിന് കഴിഞ്ഞു എങ്കിലും പാലസിന്റെ പ്രതിരോധം ഭേദിച്ച് വല കുലുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.ആദ്യ പകുതിയുടെ അവസാന മിനുട്ടുകളില്‍ കളിയുടെ നിയന്ത്രണം ലിവര്‍പൂളില്‍ നിന്ന് തട്ടിയെടുക്കാന്‍ ക്രിസ്റ്റല്‍ പാലസിന് കഴിഞ്ഞു.രണ്ടാം പകുതിയില്‍ ഹാർവി എലിയട്ട് അവരുടെ മധ്യനിരയെ സജീവമാക്കാൻ ബെഞ്ചിൽ നിന്ന് ഇറങ്ങിയതോടെ ലിവർപൂൾ വീണ്ടും പിടി മുറുക്കി.എന്നാല്‍ സ്കോര്‍ ചെയ്യുക എന്ന ലക്‌ഷ്യം അപ്പോഴും നിറവേറ്റാന്‍ സാധിക്കാതെ പോയ റെഡ്സിന് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.