Editorial Foot Ball qatar worldcup Top News

ആലിയോ സിസ്സേ – രാജ്യത്തിനായി ഹൃദയം കൊടുത്തവൻ

December 1, 2022

author:

ആലിയോ സിസ്സേ – രാജ്യത്തിനായി ഹൃദയം കൊടുത്തവൻ

“സൈഫ് , ആ ട്രോഫി എന്റെ കൈകളിൽ ആയിരുന്നു. എൻറെയീ കൈകളിൽ നിന്നാണ് അവരത് കൈക്കലാക്കിയത്.”
2002 ലെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തി, കിരീടം കാമറൂണിനു അടിയറവു വെച്ച് , ജയിച്ച ടീമിന്റെ ആഹ്ലാദങ്ങൾക്കിടയിൽ, തോൽവിയേറ്റുവാങ്ങിയ ടീമിന്റെ തൂക്കിയാലൊതുങ്ങാത്ത ഹൃദയ ഭാരങ്ങൾക്കിടയിലൂടെ സെനഗൽ എന്ന ചെറു രാജ്യത്തിൻറെ ക്യാപ്റ്റൻ അലിയോ സിസ്സേ തലകുനിച്ചു നടന്നു. തകർന്നു പോയ ടീം അംഗങ്ങളെ അയാൾ സമാധാനിപ്പിച്ചു, ഉള്ളിലുറഞ്ഞു കൂടിയ തീ പുറത്തുകാണിക്കാതെ. തിരിച്ചു റൂമിലെത്തി, തന്റെ കളിക്കൂട്ടുകാരനോട് , സൈഫ് ദിയയോട് പറഞ്ഞ വാക്കുകൾ ആണിത്.
2018 റഷ്യൻ ലോകകപ്പിലെ രണ്ട് ആഫ്രിക്കൻ കോച്ച്മാരിൽ ഒരാളായിരുന്നു സിസ്സേ. അന്ന് ഹൃദയം കൊടുത്തു പോരാടിയിട്ടും, പോയിന്റ് നിലയിൽ ഒരുമിച്ചായിട്ടും, രണ്ടു മഞ്ഞ കാർഡിന്റെ കണക്ക് കൂട്ടലുകളിൽ സെനഗലിന് ലോകകപ്പിൽ നിന്നും പുറത്തു പോവേണ്ടി വന്നു.
ഇത്തവണ ഖത്തറിൽ, സാദിയോ മാനെ ഇല്ലാതിരുന്നിട്ടും, കാലിടോ കൗലിബാലിയുടെ നേതൃത്വത്തിൽ സംഘടിതമായ, പ്രായോഗികമായ, കരുത്തുറ്റ ഫുട്ബോൾ കളിച്ചു സെനഗൽ വീരോചിതമായി അവസാന 16ലേക്ക്.
അന്നും ഇന്നും ഒരാൾ, ആലിയോ സിസ്സേ, അയാളുണ്ട്…. നിർവികാരനായി…
മറ്റു ആഫ്രിക്കൻ രാജ്യങ്ങളെ പോലെ ഇത്തവണ സെനഗൽ ലോകകപ്പിൽ ധീരമായ മുദ്രാവാക്യം തന്നെയാണുയർത്തിയത്. ആഫ്രിക്കൻ ടീം, ആഫ്രിക്കൻ കോച്ച് എന്ന വിപ്ലവാത്മകമായ മുദ്രാവാക്യം.തൊലിനിറം കറുത്തവൻ വെള്ളം കോരിയാൽ മാത്രം മതിയെന്നും, കളി പഠിപ്പിക്കാനുള്ള കഴിവ് അവൻ/അവൾക്കില്ലെന്നുമുള്ള വാദങ്ങളെ സെനഗലും സിസ്സെയും ഏറ്റവും സുന്ദരമായി തിരുത്തിയിരിക്കുന്നു. കറുത്തവന്റെ കളി പഠിപ്പിക്കാനുള്ള ചിന്താശേഷിയും ഭാവനയും ഇത്രയും നാൾ ആരാലും ഉപയോഗിക്കാതെ ക്ലാവ് പിടിച്ചിരിക്കുകയായിരുന്നു, നൈജീരിയയുടെ സ്റ്റീഫൻ കേശി, കോംഗോയുടെ ഫ്ലോറെൻറ് ഇബെൻകെ തുടങ്ങിയ വളരെ ചുരുക്കം അപവാദങ്ങൾ മാത്രമേ സിസ്സെക്ക് മുന്പുണ്ടായിട്ടുള്ളു. ഇത്തവണ പക്ഷെ അഞ്ചിൽ അഞ്ചും ആഫ്രിക്കൻ പരിശീലകർ തന്നെ എന്ന പ്രത്യേകതയുണ്ട്.
കാൽപന്തുകളിയുടെ വായ്പ്പാട്ടിൽ ഏറെ പാടിക്കേട്ട 2002 ലോകകപ്പിലെ സെനഗൽ അട്ടിമറിക്കു ശേഷമാണ് 2003 ൽ അവിടെ ഒരു യൂത്ത് അക്കാഡമി തുടങ്ങുന്നത്. 2018 ലോകകപ്പിനെത്തിയ 23 ൽ 12 കളിക്കാർ “ഡയമ്പെർ ” അഥവാ “ചാമ്പ്യൻസ് “എന്ന് വിളിക്കുന്ന ആ അക്കാഡമിയുടെ സംഭാവനയാണ് എന്നോർക്കുക. അന്ന് റഷ്യയിലേക്ക് പുറപ്പെടും മുൻപ് “തെരങ്കയുടെ സിംഹങ്ങൾ ” പരിശീലിക്കുവാൻ തിരഞ്ഞെടുത്തതും ഇതേ ഡയമ്പെർ തന്നെ.
കളി പഠിക്കുന്ന 137 മക്കൾക്കു പ്രചോദനമാവാൻ ദേശീയ ടീമിനെ ഡയമ്പെറിലേക്കു വിട്ടത് മുതൽ, തന്റെ ഗോൾകീപ്പിങ് കോച്ച്, സഹപരിശീലകർ, തുടങ്ങി വേണ്ടപ്പെട്ട എല്ലായിടത്തും അന്നും ഇന്നും ആഫ്രിക്കക്കാരെ മാത്രം വിളിച്ചത് വരെ സിസ്സേയുടെ ശക്തമായ രാഷ്ട്രീയ നിലപാടായിരുന്നു…. 2018 ലോകകപ്പിലെത്തിയ ഏറ്റവും കുറഞ്ഞ പ്രായമുള്ള, എന്നാലേറ്റവും കുറഞ്ഞ വേതനം കൈപ്പറ്റിയ സിസ്സേയുടെ അടിമുടി വിപ്ലവാത്മകമായ നിലപാട്. ഇത്തവണയും 32 ലോകകപ്പ് പരിശീലകരിൽ ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന രണ്ടിലൊരാൾ ആലിയോ സിസ്സേയാണ്.
പണത്തിനപ്പുറം, തങ്ങൾക്കും ക്വാളിറ്റി പരിശീലകർ ഉണ്ടെന്നും , ലോക ഫുട്ബോൾ ൽ തന്റേതായ ഇടം പിടിക്കുവാൻ തക്കവണ്ണം കഴിവ് ആഫ്രിക്കയ്ക്കുണ്ടെന്നുമാണ് സിസെ ഉറക്കെയുറക്കെ വിളിച്ചു പറയുന്നത്.
ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു കിനാവുകൾ കൊയ്യുവാൻ കരുത്തുള്ള പുതു തലമുറ ആഫ്രിക്കൻ കണ്ണിയുടെ ആദ്യ കൊളുത്താണ് സിസെ… വസന്തം വിരിയുക തന്നെ ചെയ്യും എന്നുള്ളതിന്റെ സാക്ഷ്യപത്രം.
“ഒരു നാൾ ഞാനത് നേടും , കളിക്കാരനായി പറ്റില്ലായെങ്കിൽ പരിശീലകനായി…”
ഇത് സൈഫിനോട് സിസെ പറഞ്ഞ വാക്കുകൾ ആണത്രേ, 2019ൽ , 17 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി സിസേയുടെ സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ കളിച്ചു. 2021 ലെ ഇക്കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിൽ അയാൾ അതേ കാമറൂണിൽ വെച്ച് ആ ടൂർണമെന്റ് വിജയിക്കുകയും ചെയ്തത് കാവ്യാനീതിയല്ലാതെ മറ്റെന്ത്?
2002 ൽ സെനഗൽ ലോകകപ്പ് നോക്ക് ഔട്ട്‌ ൽ കടന്നപ്പോഴും, 2022 ൽ അവസാന 16ൽ ഇടം പിടിക്കുമ്പോഴും അഷോഭ്യനായി, അമരത്തൊരാൾ നിൽപ്പുണ്ട്, ഒരിക്കൽ ക്യാപ്റ്റൻ ആയും, ഇപ്പോൾ പരിശീലകനായും…. ഒരൊറ്റ പേര് ആലിയോ സിസ്സേ.
ഒരുനാൾ കാല്പന്ത്കളിയുടെ അമൂല്യമായ കിരീടം, അതും അയാൾ നേടട്ടെ….
Leave a comment