അർജൻ്റൈൻ ടീമിൽ ഇടമില്ലാത്തതിനെ പറ്റി പ്രതികരിച്ച് എയ്ഞ്ചൽ കൊറിയ.!
ഈ കഴിഞ്ഞ ദിവസമായിരുന്നു ലോകകപ്പിനുള്ള അർജൻ്റൈൻ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ ലോ സെൽസോ ഒഴികെ ബാക്കിയുള്ള പ്രധാന താരങ്ങൾ എല്ലാവരുംതന്നെ ഈയൊരു സ്ക്വാഡിൽ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് താരം ഏയ്ഞ്ചൽ കൊറിയയ്ക്ക് സ്കലോണിയുടെ 26 അംഗ സ്ക്വാഡിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല. കോപ്പ അമേരിക്കയിലും ഫൈനലിസിമയിലും ഒക്കെ അർജൻ്റൈൻ ടീമിൽ ഉണ്ടായിരുന്ന താരമാണ് കൊറിയ. എന്നാൽ ഖത്തറിലേക്ക് താരത്തിന് വിളി എത്തിയില്ല. പകരം ജോക്ക്വിം കൊറിയെയാണ് സ്കലോണി തിരഞ്ഞെടുത്തത്. ഇപ്പോഴിതാ ഏയ്ഞ്ചൽ കൊറിയ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അത്ലറ്റിക്കോയിൽ നിന്നും ഇടവേളയ്ക്ക് അർജൻ്റീനയിലേക്ക് എത്തിയപ്പോൾ TyC സ്പോർട്സിൻ്റെ ചോദ്യങ്ങളോട് ആണ് താരം പ്രതികരിച്ചത്.
“ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ അതിയായ ദുഃഖമുണ്ട്. അതൊരു പ്രഹരമായിരുന്നു.” എന്നാണ് കൊറിയ TyC സ്പോർട്സിനോട് പങ്കുവെച്ചത്. കൂടാതെ ഖത്തറിലേക്ക് പോയ അർജൻ്റീന ടീമിന് ആശംസകൾ നേരാനും താരം മറന്നില്ല. “കോച്ചിങ് സ്റ്റാഫിനും താരങ്ങൾക്കും ഞാൻ ആശംസകൾ അറിയിക്കുന്നു. അവർ ഖത്തറിൽ അവരുടെ ജീവിതം തന്നെ രാജ്യത്തിനായി സമർപ്പിക്കും.” ഇതായിരുന്നു താരത്തിൻ്റെ വാക്കുകൾ. എന്തായാലും കൊറിയ ടീമിൽ ഇടം ലഭിക്കാത്തതിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. മറിച്ച് ടീമിനെ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് താരം പങ്കുവെച്ചത്.