സൂപ്പർ ലീഗ് എന്ന തികഞ്ഞ ആഭാസം
പതിനാറാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ ഇംഗ്ലണ്ടില് സസ്ക്സിൽ ഏതാനും ചില ആട്ടിടയന്മാർ കണ്ടു പിടിച്ച വിനോദം ഏതെന്ന് ചോദിച്ചാൽ മിക്കവാറും കുട്ടികൾ വരെ പറയും ക്രിക്കറ്റ്. അതേ കാലഘട്ടത്തിൽ ഫ്രാൻസിലെ ചില പുരോഹിത ആശ്രമങ്ങളുടെ പുൽത്തകിടി ആയ നടുത്തളങ്ങളിൽ നിന്ന് ഉൽഭവിച്ച് വന്ന മത്സരം ഏത് എന്ന ചോദ്യത്തിന് ഉത്തരം ടെന്നീസ് എന്ന് ആലോചിച്ച് ആണെങ്കിലും കണ്ടുപിടിക്കാം. ജെയിംസ് നെയ്സ്മിത്ത് എന്നാ കനേഡിയൻ പിടി മാഷ് 1891ൽ ബാസ്ക്കറ്റ് ബോൾ കണ്ടുപിടിച്ചതും വില്യം ജി മോർഗൻ എന്ന മറ്റൊരു അമേരിക്കൻ പിടി മാഷ് 1895 വോളിബോൾ കണ്ടുപിടിച്ചതും ചരിത്രത്തിലെ വഴികളിൽ ഈ കളികളെല്ലാം കൃത്യമായൊരു ജന്മനക്ഷത്രവും ജാതകവും എഴുതി വച്ച് കൊണ്ട് തന്നെയാണ്. എന്നാൽ ചരിത്രത്തിൽ ജനിച്ചത് എന്ന്, തന്തയാര് എന്ന്, വളർന്നത് എങ്ങിനെ എന്നറിയാത്ത ഒരു ‘തന്തയില്ലാ കഴിവേറി’ ഉണ്ട്. എല്ലാരും ഓമനിച്ച് ‘എൻറെ എൻറെ’ എന്ന് ആവർത്തിച്ചൂട്ടി വിളിച്ച് ഒരു അതി മനോഹര കാവ്യം, ഫുട്ബോൾ. എത്രപേർക്കറിയാം ഫുട്ബോൾ എവിടെനിന്ന് തുടങ്ങിയെന്ന്, ഉത്തരം ലളിതമാണ് ആർക്കുമറിയില്ല. ബിസി 206 ചൈനയിലെ ഹാൻ രാജവംശത്തിന് കീഴിൽ കുജൂ എന്നപേരിൽ ഫുട്ബോളിന് സമാനമായ ഒരു മത്സരം നിലനിന്നിരുന്നു. ഫൈനിന്റാ, എപ്പിസ്കൈറിസ് എന്ന പേരുകളിൽ ഗ്രീക് സംസ്കാരത്തിലും ഒരു മത്സരം നടന്നിരുന്നു. കൗതുകവാർത്ത : എപ്പിസ്കൈറിസ് കളിക്കുന്ന ഗ്രീക്ക് കളിക്കാരനാണ് യൂറോ കപ്പ് ട്രോഫിയിൽ ആലേഖനം ചെയ്തിരിക്കുന്നത് ബിംബം. ജപ്പാൻ, കൊറിയ, യൂറോപ്പിലെ വിവിധ സംസ്കാരങ്ങൾ, എല്ലാ കാലഘട്ടത്തിലും ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും ഫുട്ബോൾ ഒരു പേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ ഉണ്ടായിരുന്നു. കെമാറി, ചുക്ക് ജുക്ക്, പസാകുവേക്വോഗ് (pasuckuakohowog), എല്ലാം നമ്മുടെ ഫുട്ബോൾ തന്നെയായിരുന്നു. അന്ന് ആ മത്സരങ്ങൾ എല്ലാം സാധാരണക്കാരന്റെ ആയിരുന്നു, പാവപ്പെട്ടവൻറെ ആയിരുന്നു. നൂറ്റാണ്ടുകളുടെ പരിവർത്തനത്തിലൂടെ ഇന്ന് ലോക ഫുട്ബോൾ എത്തിനിൽക്കുന്ന പ്രതിസന്ധി എന്താണ് എന്ന് യൂറോപ്പിലെ പല ഫുട്ബോൾ സ്റ്റേഡിയങ്ങളിലും ഗ്രാഫിറ്റീ എഴുത്തിലൂടെയും വടിവില്ലാത്ത അക്ഷരങ്ങളിലൂടെയും എഴുതി വച്ചിട്ടുണ്ട് “ഫുട്ബോൾ, ക്രിയേറ്റ്ട് ബൈ ദ പൂവർ, സ്റ്റോളൻ ബൈ ദ റിച്ച്”.
യൂറോപ്യൻ സൂപ്പർ ലീഗ് എന്ന വരേണ്യവർഗ ഗോത്രം സ്ഥാപിച്ചു കിട്ടാൻ ഫുട്ബോൾ ആരുടെയും തറവാട് സ്വത്തല്ല, പട്ടയം പതിച്ചു കിട്ടാൻ ചാമ്പ്യൻസ് ലീഗ് ആരുടെയും പുറമ്പോക്ക് ഭൂമിയും അല്ല. തോൽക്കാൻ കഴിയാത്ത മത്സരം ഒരു മത്സരവും അല്ല. കണ്ട പറമ്പ് കച്ചവടക്കാരനും കൺട്രാക്കിനും തോന്നുംപോലെ നിയമം മാറ്റി എഴുതാൻ ഫുട്ബോൾ അവരുടെ തന്തയില്ലാ കഴിവേറി അല്ല, അത് ഞങ്ങളുടെ തന്തയില്ലാ കഴിവേറി ആണ്. It’s our bastard.
NB: ഈ യൂറോപ്യൻ സൂപ്പർ ലീഗ് ഉണ്ടാക്കാൻ ഇറങ്ങിയ മഞ്ചസ്റ്റർ യുണൈറ്റഡിനേക്കാളും കുടപിടിച്ച് പിന്നാലെ കൂടിയ മഞ്ചസ്റ്റർ സിറ്റിയെക്കാളും ഇൻറർ മിലാനെക്കാളും യുവന്റസിനെക്കാളും ചെൽസിയെക്കാളും ആർസനൽനെക്കാളും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീം അയാക്സ് ആണ്. എന്നിട്ട് സൂപ്പർ ലീഗ് ഉണ്ടാക്കി വലിഞ്ഞു കയറി വരാൻ ഒരു നാണവും ഇല്ലാത്ത കുറെ എണ്ണം.
ക്രെഡിറ്റ് : ബെസ്റ്റിൻ സി ജോസഫ്