Cricket Cricket-International Editorial Top News

54 ന്റ്റെ നിറവിൽ സ്വിങ്ങിന്റെ സുൽത്താൻ

June 4, 2020

author:

54 ന്റ്റെ നിറവിൽ സ്വിങ്ങിന്റെ സുൽത്താൻ

പണ്ടൊരിക്കല്‍ സൗരവ് ഗാംഗുലിയോട് ഒരു പത്രലേഖകന്‍ ചോദിച്ചു…. ” നിങ്ങള്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളറാരാണ്”…. അതിനുത്തരമായി ഗാംഗുലി പറഞ്ഞിതങ്ങനെയാണ് ” സ്പിന്‍ ബൗളര്‍മാരെ പോലെ പന്തു കുത്തിതിരിച്ച് വൈവിധ്യമാര്‍ന്ന ബോളുകളെറിഞ്ഞ് ബാറ്റ്സ്മാനെ പരീക്ഷിക്കുന്ന ഒരാളുണ്ട്…. സാഷാല്‍ വസിം അക്രം… അയാളെ പോലെ മികവുറ്റവനായി മറ്റൊരാളില്ല..” അക്രം എന്തെന്നതിലും മനോഹരമായ ഒരുത്തരമില്ല…അത് കൊണ്ടാണ് കുമര്‍ സംഗക്കാര അയാളെ ടൈറ്റാന്‍ ഓഫ് ക്രിക്കറ്റ് എന്ന് വിളിച്ചത്…

ഒരോവറില്‍ ആറു ബോളുകള്‍ ആറ് രീതിയില്‍ എറിയുവാന്‍ കഴിവുളളവനായിരുന്നു അക്രം..പന്തിനെ അത്രയേറെ സ്വിങ്ങ് ചെയ്യിച്ചിരുന്നു അയാള്‍… പുതിയ ബോളിലും പഴയ ബോളിലും ഒരുപോലെ ഭീതി വിതച്ചവന്‍…. കാഴ്ച്ചയില്‍ സൗരവ് ഗാംഗുലിയുടെ റണ്ണപ്പ് പോലുമില്ല… മനോഹരമായ എന്നാല്‍ അനായാസേനെയെന്ന് തോന്നിക്കുന്ന ബൗളിങ്ങ് ആക്ഷന്‍… 135- 140 തിനപ്പുറം കടക്കാത്ത വേഗത… അയാളുടെ പല ബോളുകളും പക്ഷേ അണ്‍പ്ളെയബിള്‍ ആയിരിക്കും…എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പിച്ച് ചെയ്ത് കഴിഞ്ഞ് അയാളുടെ ബോളുകള്‍ വേഗത പ്രാപിക്കുന്നത്…പലപ്പോഴും ബാറ്റ്സ്മാന്‍െറ വിക്കറ്റുകളെടുത്താണ് അതവസാനിക്കുക… ഇന്‍സ്വിങ്ങറും ഔട്ട് സ്വിങ്ങറും ബൗണ്‍സറും റിവേഴ്സ് സ്വിങ്ങുമെല്ലാം അയാളുടെ ഓരോ ഓവറിലുമുണ്ടാകും… എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് അലന്‍ ലാമ്പിന്‍െറയും ക്രിസ് ലൂയിസിന്‍െറയും വിക്കറ്റുകളെടുത്ത് ഒരു ലോകകപ്പ് നേടി കൊടുത്തത്… റിവേഴ്സ് സ്വിങ്ങ് ചെയ്തൊരു ബോള്‍ ലാമ്പിന്‍െറ പ്രതിരോധം ഭേദിച്ചെങ്കില്‍ , അതിമാരകമാം വിധം ഇന്‍സ്വിങ്ങ് ചെയ്തൊരു ബോളാണ് ലൂയിസിന്‍െറ വിക്കറ്റെടുത്തത്… അതിന് മുമ്പ് തന്നെ ആ ഓവറില്‍ യോര്‍ക്കറും ഔട്ട് സ്വിങ്ങറും പരീക്ഷിക്കപെട്ടിരുന്നു… അയാളുടെ മറ്റൊരു യോര്‍ക്കറില്‍ പ്രതിരോധം കാത്തു സൂക്ഷിക്കാനുളള ശ്രമത്തിനിടയില്‍ സാക്ഷാല്‍ ബ്രിയാന്‍ ലാറ ആ ലോകകപ്പില്‍ പരിക്കേറ്റ് പോയത്…1999 ല്‍ രണ്ട് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ അയാള്‍ ശ്രീലങ്കക്കെതിരെ ഹാട്രിക്ക് നേടി.. അപ്രതീക്ഷമായി കളി തിരിക്കാന്‍ അയാള്‍ക്ക് അത്രയേറെ കഴിവായിരുന്നു…മുരളീധരന്‍ മറി കടക്കുന്ന വരെ ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയത് അക്രമമായിരുന്നു…ആദ്യമായി 500 എന്ന മാന്ത്രിക സംഖ്യ മറികടന്നതും അക്രം തന്നെ… ടെസ്റ്റില്‍ 414 വിക്കറ്റുകളോടെ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടം കൈയന്‍ പേസറും അക്രം തന്നെ..

സഹീര്‍ അബാസിനെയും മുഷ്ത്താഖ് മുഹമ്മദിനെയും സ്വപ്നം കണ്ട അക്രം റമീസ് രാജയുടെയും ഇജാസ് അഹമ്മദിന്‍െറയും സഹപാടിയായിരുന്നു… ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ മേല്‍വിലാസം ഉണ്ടാക്കുന്നതിന് മുമ്പ് ഒരു ട്രയല്‍സില്‍ നിന്നും അക്രത്തെ കണ്ടെത്തി നാഷണല്‍ ടീമിലേക്കെത്തിച്ചത് മിയാന്‍ദാദയിരുന്നു… ഇമ്രാന്‍ വിട്ടു നിന്ന ന്യൂസിലാണ്ട് പരമ്പരയില്‍ അരങ്ങേറിയ അക്രത്തിന്‍െറ പക്ഷേ വളര്‍ച്ചയില്‍ നിര്‍ണായകമായത് ഇമ്രാനാണ്…. അദ്ഭുതകരമായ തുടക്കമൊന്നുമല്ല അക്രത്തിന്‍േറത്.. ആദ്യ ഏകദിനത്തില്‍. നാല് ഓവറില്‍ അയാള്‍ വഴങ്ങിയത് 33 റണ്‍സാണ്…1987 ലോകകപ്പില്‍ 40+ ആവറേജില്‍ ആകെ 7 വിക്കറ്റ് മാത്രമാണ് നേടാനായത്… പക്ഷേ ഇക്കാലത്തെല്ലാം അയാളുടെ പ്രതിഭയില്‍ പാക്കിസ്ഥാന്‍ വിശ്വാസമര്‍പ്പിച്ചിരുന്നു…

അക്രത്തെ പറ്റി പറയുമ്പോള്‍ വഖാറിനെ പറ്റി എഴുതാതിരിക്കാനാകില്ല…ഒരു കാലത്ത് ലോകക്രിക്കറ്റിലെ ബാറ്റിങ്ങ് നിരകളുടെ പേടി സ്വപ്നമായിരുന്നു ആ ജോഡി… പരസ്പരം കൂടുതല്‍ മികവുറ്റവനാകാന്‍ ആ ജോഡി മത്സരിച്ചപ്പോള്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വിജയിച്ച് കൊണ്ടിരുന്നു…1700 ലധികം വിക്കറ്റുകളാണ് ഈ ജോഡി ഇന്‍െറര്‍ നാഷണല്‍ ക്രിക്കറ്റില്‍ നേടിയത്… ഇടക്ക് പടലപിണക്കങ്ങളും പരിക്കിനാലും വഖാര്‍ പുറത്ത് പോയില്ലെങ്കില്‍ ഈ ജോഡി ഇനിയുമേറെ നേടിയേനെ…

അധികമേറെ ഉപയോഗിക്കപെടാന്‍ മറന്ന ഒന്നാണ് അക്രത്തിന്‍െറ ബാറ്റിങ്ങ്… സാക്ഷാല്‍ സച്ചിന്‍ ടെണ്ടൂലേക്കറെകര്‍ക്ക് ഒരിന്നിങ്സില്‍ നേടാനായതിനേകാള്‍ ഉയര്‍ന്ന സ്കോര്‍ അക്രം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട് എന്നത് അയാളുടെ പ്രതിഭയുടെ ഏറ്റവും വലിയ ഉദ്ദാഹരണമാണ്… 1992 ലോകകപ്പ് ഫൈനലില്‍ നേടിയ 18 ബോള്‍ 32 അവശ്യസമയത്ത് മാത്രം ഉപയോഗിക്കപെട്ട പ്രതിഭാശാലിയായിരുന്നു അയാളെന്ന് മനസ്സിലാക്കാവുന്ന മറ്റൊരുദ്ദാഹരണം..

ഒരു ലോകകപ്പ് നേടാന്‍ സാധിച്ചില്ല എന്നതൊഴിച്ച് അക്രമെന്ന ക്യാപ്റ്റന്‍ എക്കാലത്തെയും വിജയമാണ്… 1999 ലോകകപ്പിന് തൊട്ടു മുമ്പുളള ഇന്ത്യന്‍ പര്യടനത്തിലും ഏഷ്യകപ്പ് ടെസ്റ്റ് പരമ്പരയിലും ഷാര്‍ജാകപ്പിലും അയാളുടെ ടീം അത്രയേറെ മേധാവിത്വം പുലര്‍ത്തി… ലോകകപ്പില്‍ ഫൈനലില്‍ മാത്രമാണ് അയാളുടെ ടീമിന് കാര്യങ്ങള്‍ കൈവിട്ട് പോയത്… അക്തര്‍, റസാഖ്, സഖ്ലെയിന്‍ പോലുളള പ്രതിഭകളെ ലോകക്രിക്കറ്റിന് നല്‍കിയതും അയാളുടെ നായകത്വം തന്നെ…

ഇന്ന് അക്രത്തിന് 54 വയസ്സ് തികഞ്ഞിരിക്കുന്നു… 2003 ലോകപ്പിലെ പാക്കിസ്ഥാന്‍െറ പരാജയത്തോടെ ആ കരിയര്‍ അവസാനിച്ച് പതിനേഴ് വര്‍ഷങ്ങളായിരിക്കുന്നു… ഒന്നെനിക്ക് പറയാനാകും… അക്രത്തെകാള്‍ മികവോടെ പന്തെറിഞ്ഞ ഒന്നിലേറെ ബൗളേഴ്സിനെ എനിക്ക് കാണിക്കാനാകും… പക്ഷേ ഞാന്‍ കണ്ട ഏറ്റവും സ്കില്‍ഫുള്ളായ പേസ് ബൗളര്‍ അക്രം തന്നെ…

Leave a comment