Epic matches and incidents Foot Ball Stories Top News

വൻ വീഴ്ചകൾ – റോബർട്ടോ അന്റോണിയോ റോജാസ്

May 1, 2020

author:

വൻ വീഴ്ചകൾ – റോബർട്ടോ അന്റോണിയോ റോജാസ്

കാൽപ്പന്തു കളിയുടെ അതി മനോഹരമായ മുഹൂർത്തങ്ങൾക്കു മാത്രമല്ല, കരിയറും ജീവിതം തന്നെയും പ്രതിസന്ധിയിലാക്കുന്ന ഫൗൾ പ്ലേകൾക്കും ഫുട്ബോൾ മൈതാനങ്ങൾ പലപ്പോഴും സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഒരു പക്ഷേ ഏറ്റവുമധികം ഫൗൾ ചെയ്യപ്പെട്ട കളിക്കാരൻ നെയ്മറായിരിക്കാം, പലവിധ അഭിനയങ്ങൾക്കും ഫുട്ബോൾ ഗ്രൗണ്ടുകൾ പല കാലങ്ങളിൽ സാക്ഷികളായിട്ടുണ്ട്.

റോബർട്ടോ അന്റോണിയോ റോജാസ്‌ – ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും തങ്കലിപികളിൽ രേഖപ്പെടുത്തിയ പേരല്ലിത്. മറിച്ച് ഒരു രാജ്യത്തിന് മൊത്തം അപമാനം വരുത്തിയ ഒരു ഫുട്ബോളറാണ് ഇദ്ദേഹം. സഹ കുറ്റവാളികൾ ഉണ്ടെങ്കിൽ കൂടി ഈ കുപ്രസിദ്ധി റോജസിനെയാണ് ഏറ്റവുമധികം വേട്ടയാടിയത്. 1989 ലെ ലോകകപ്പ് യോഗ്യതാ മത്സരം പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്നു. 70 ആം മിനിട്ടിൽ ഒരു ഗോളിന് ലീഡുചെയ്യുന്ന ബ്രസീലിന് എതിരാളിയായ ചിലിയുടെ ഗോൾ വല കാക്കുന്നത് ക്യാപ്റ്റൻ റോജസാണ്. മത്സരം തോറ്റാൽ ചിലിയുടെ ലോകകപ്പ് സ്വപ്നം ഉപേക്ഷിക്കാം. പെട്ടെന്നൊരു നിമിഷം റോജസ് ബോക്സിനുള്ളിൽ വീണു പിടഞ്ഞു.. ഗോൾ പോസ്റ്റ് നോടു ചേർന്ന ഗ്യാലറിയിൽ നിന്ന് ഒരു ബ്രസീലിയൻ ആരാധകൻ വലിച്ചെറിഞ്ഞ പടക്കം റോജസിന് ഒരു വാര അടുത്ത് വച്ച് പൊട്ടിയ നിമിഷത്തിലായിരുന്നു അത്. ഉടൻ ടീം ഡോക്ടറടക്കം ഗ്രൗണ്ടിൽ വരികയും റോജസിന് സൈഡ് ലൈനിൽ ശുശ്രൂഷ നൽകുകയും ചെയ്യുന്നു. നാടകീയമായ രംഗങ്ങൾ പിന്നീടാണ്. ചിലിയൻ ടീം ഗ്രൗണ്ടിൽ നിന്ന് പിൻമാറുകയും കളി തുടരാൻ വിസമ്മതിക്കുകയും ചെയ്തു. ടൂർണമെന്റ് നിയമമനുസരിച്ച് ബ്രസീൽ 2-0 നു വിജയിക്കുകയും ചിലിയുടെ ലോകകപ്പ് സ്വപ്നത്തിന് എന്നെന്നേക്കുമായി പരിക്കേൽക്കുകയും ചെയ്യുന്നു.

ചിലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അന്വേഷണം പക്ഷേ ശരിയായ ദിശയിലായിരുന്നു. റോജസിനു കാര്യമായ പരുക്കില്ലെന്നു മാത്രമല്ല അദ്ദേഹം നല്ലൊരു അഭിനേതാവു കൂടിയായിരുന്നു. കോച്ച് അറവേനയുടെ നിർദേശപ്രകാരം ടീം ഡോക്ടർ റോഡ്രിഗസ്സും റോജസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എല്ലാം. റോജസിന്റെ ശരീരത്തിൽ പടക്ക ഭാഗങ്ങൾ കൊണ്ടതല്ലെന്നും മുഖത്തുണ്ടായ മുറിവ് അദ്ദേഹം ഗ്ലൗസിൽ ഒളിപ്പിച്ച ബ്ലേഡ് കൊണ്ട് സ്വയം ചെയ്തതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. തത്ഫലമായി റോജസിനും അറവേനക്കും റോഡ്രിഗസിനും ആജീവനാന്ത വിലക്കേർപ്പെടുത്തി. പ്രസ്തുത കളി തുടരാൻ വിസമ്മതിച്ച താൽക്കാലിക ക്യാപ്റ്റൻ ഫെർണാണ്ടോ അസ്റ്റെൻഗോക്ക് അഞ്ചു വർഷവും വിലക്ക് കിട്ടി. ഫിഫയാകട്ടെ 1994 ലെ ലോകകപ്പിൽ നിന്ന് ചിലിയെ വിലക്കുകയും ചെയ്തു. 2001 ൽ മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ റോജസിന്റെ വിലക്ക് ചിലി അസോസിയേഷൻ നീക്കി.

പിന്നീട് ഇദ്ദേഹം വിവിധ ക്ലബുകൾക്ക് ഗോൾകീപ്പിങ് കോച്ചും സ്വന്തം അക്കാഡമിയുമൊക്കെയായി വീണ്ടും ഫുട്ബോൾ എന്ന മഹത്തായ കായിക ലോകത്ത് സഹയാത്രികനായി. പടക്കമെറിഞ്ഞ ആരാധകൻ ബ്രസീലിന്റെ ആണെന്നിരിക്കെ ഫിഫയിൽ നിന്നും ബ്രസീലിന് വിലക്കും ചിലിക്ക് വാക്ക് ഓവറും പോലും കിട്ടാമായിരുന്ന സാഹചര്യത്തിൽ കുറ്റവാളികൾ ചെയ്ത മണ്ടത്തരം സമ്മാനിച്ചത് ഒരു രാജ്യത്തിന് ലോകകപ്പ് പങ്കാളിത്തവും അടുത്ത തവണത്തെ വിലക്കും കളിക്കാരുടെയും ഒഫീഷ്യൽസിന്റെയും കരിയർ നഷ്ടവുമാണ്.

Suresh Varieth

Leave a comment