“അലക്സാണ്ടർ ഹ്ലെബ്” – കരിയറിന്റെ പൂർണതയിൽ എത്താതെ പോയ ഒരു കിടുക്കാച്ചി താരം .
ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടുന്നതിന് അരികിലെത്തിയ 2006 ലെ ആഴ്സണൽ ടീമിനെ കുറിച്ചു ചിന്തിച്ചാൽ മനസ്സിൽ ഉത്ഭവിക്കുന്ന പ്രധാന പേര് അലക്സാണ്ടർ ഹ്ലെബ് എന്ന ബലാറസുകാരന്റെ ആയിരിക്കില്ല. എന്നാൽ ആറ് തവണ മികച്ച ബെലാറഷ്യൻ ഫുട്ബോൾ കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഹ്ലെബ് തങ്ങൾക്ക് ആരായിരുന്നു എന്ന് ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിനെ സ്നേഹിക്കുന്നവർക്ക് മറക്കാനും കഴിയില്ലായിരുന്നു.
1981 മേയ് മാസത്തിലെ ആദ്യ ദിനത്തിൽ ആയിരുന്നു ബെലാറസ് കണ്ട തങ്ങളുടെ മികച്ച കളിക്കാരന്റെ ജനനം, അതും അങ്ങു മിൻസ്കിൽ. ചെറുപ്പം മുതൽ കാല്പന്തുകളി ഇഷ്ടപ്പെട്ടും പരിശീലിച്ചും വളർന്ന അയാൾ 1999 ജനുവരിയിൽ ഡൈനാമോ മിൻസ്ക് II ൽ നിന്ന് ബേറ്റ് ബോറിസോവിലേക്ക് മാറ്റിയതോടെയാണ് തന്റെ കരിയറിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000 ലെ സമ്മേരിൽ ബുണ്ടസ്ലിഗ ക്ലബ്ബായ സ്റ്റട്ട്ഗാർട്ടിലേക്കുള്ള നീക്കം 150,000 ഡോളറിന്റെ ആയിരുന്നു. 5 വർഷത്തെ ജർമൻ ജീവിതത്തിൽ ക്ലബ്ബിനായി 67 ഗോളുകളിൽ നേരിട്ട് പങ്കാളിയായ ഹ്ലെബ് അഞ്ച് വർഷത്തിന് ശേഷം ക്ലബ് റെക്കോർഡ് തുകക്കാണ് ജർമ്മനി വിട്ടു ആഴ്സണലിലേക്ക് വരുന്നത്.
പ്രീമിയർ ലീഗ് എന്ന പ്രസ്ഥാനത്തിന്റെ നാടോടിക്കഥകളിലേക്ക് ‘അജയ്യന്മാരായി കിരീടനേട്ടം’ എന്ന മറ്റൊരു ടീമിനും സാധിക്കാത്ത ചരിത്രം എഴുതിചേർത്തതിന് ഒരു വർഷത്തിനുശേഷം 2005 ൽ ആണ് ഹ്ലെബ് ആഴ്സണലിലേക്ക് ചേക്കേറുന്നത്. തിയറി ഹെൻറി, റോബർട്ട് പിറസ്, ഡെന്നിസ് ബെർകാമ്പ് എന്നിവരെപ്പോലുള്ളവർ കളിക്കുന്ന ടീമിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ചാൻസ് ലഭിക്കുക ആർക്കും ബുദ്ധിമുട്ടായിരിക്കും, അങ്ങനെ ഉള്ളപ്പോൾ പ്രീമിയർ ലീഗ് അനുഭവങ്ങളോ, എന്തിന് ഇംഗ്ലീഷിൽ ഒരു വാക്കുപോലും സംസാരിക്കുവാനോ മനസ്സിലാക്കാനോ കഴിയാത്തതുമായ 24 കാരനായ ഒരു ബെലാറഷ്യൻ ഒരു ഇംഗ്ലീഷ് ടീമിൽ !, അതൊന്ന് സങ്കൽപ്പിച്ചു നോക്കൂ.
ക്യാപ്റ്റൻ വിയേര ടീമിനെ വിട്ടു പടിയിറങ്ങുന്ന സമയം, “പാട്രിക് വിയേര പോകുകയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായെങ്കിലും കോച്ചും, മറ്റു മുതിർന്ന കളിക്കാരും തന്ന പ്രചോദനം വളരെ വലുതായിരുന്നു” ഹ്ലെബ് ഓർക്കുന്നു, ഇടവേള കഴിഞ്ഞു ടീം അംഗങ്ങൾ മുഴുവൻ പരിശീലനം തുടങ്ങി, പക്ഷേ അയാൾക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ ആരോടും സംസാരിക്കാൻ കഴിഞ്ഞില്ല! എല്ലാ പ്രധാന ആളുകളും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ആണ് സംസാരിച്ചിരുന്നത്, ജർമ്മൻ സംസാരിക്കുന്ന ജെൻസ് ലേമാൻ, ആറ് ഭാഷകൾ സംസാരിച്ച ഫിലിപ്പ് സെൻഡെറോസ് എന്നിവരാണ് അദ്ദേഹത്തിന് ചാറ്റുചെയ്യാൻ കഴിഞ്ഞ രണ്ട് കളിക്കാർ. പിന്നെ ക്ലബ് അദ്ദേഹത്തിന് ഒരു അദ്ധ്യാപകനെ നൽകി, എല്ലാം നന്നായി തന്നെ പോയി, അദ്ദേഹം കഠിനമായി പരിശീലിച്ചു, കാരണം പ്രീമിയർ ലീഗ് ഫുട്ബോൾ അങ്ങേയറ്റം തീവ്രവും ബുണ്ടസ്ലിഗയിലേതിനേക്കാൾ വളരെ കഠിനവുമാണ് എന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.
തന്റെ കളിക്കാരെ ആഴ്സണ് വെങ്ങേർ ശരിയായ തലത്തിൽ മനസിലാക്കിയിരുന്നു. ഒരു കളിക്കാരന് കേൾക്കേണ്ടത് എന്താണോ, അറിയേണ്ടത് എന്താണോ, അത് കൃത്യമായി അദ്ദേഹം പറയുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഓരോ ദിനവും ആസ്വദിച്ചിട്ടില്ലെന്ന് പറയുന്നവർ ഉണ്ടാകില്ല എന്ന് കരുതുന്നു. ആ ടീമിൽ എല്ലാവർക്കും വേണ്ട വിധത്തിൽ അവസരം ലഭിക്കുമെന്ന് ഓരോ കളിക്കാരനും അറിയുമായിരുന്നു. അതോടൊപ്പം ടീം വിട്ടുപോയ മിക്ക കളിക്കാരും ആത്യന്തികമായി അതിൽ വിഷമിച്ചിരുന്നു എന്ന് പിന്നീട് അവരുടെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു.
ഗണ്ണേഴ്സിൽ എത്തുമ്പോൾ ഹ്ലെബ് മറ്റു പ്രശസ്ത വെങ്ങേർ സൈനിംഗുകൾ പോലെ തന്നെ അപ്രശസ്തനായ ഒരു പ്ലയർ ആയിരുന്നു. എന്നാൽ മാനേജർ ആഴ്സൻ വെംഗറുടെ കീഴിൽ സെസ്ക് ഫെബ്രിഗാസ്, തിയറി ഹെൻറി തുടങ്ങിയവരുടെ ഒപ്പം ഹ്ലെബ് തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു വന്നു, പക്ഷേ പരിക്കുകളുമായി പോരാടി തന്റെ കരിയറിലെ മികച്ച സമയങ്ങളിൽ കുറെ ഏറെ ബെഞ്ചിലും മറ്റുമായി അവശേഷിച്ചത് ടീമിനും നികത്താനാവാത്ത നഷ്ടം ആയിരുന്നു. വൈവിധ്യമാർന്ന ഈ ബെലാറസ് മിഡ്ഫീൽഡർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ചത് ആഴ്സണലാണ് എന്ന് അയാളുടെ കരിയർ ശ്രദ്ധിക്കുമ്പോൾ ഏതൊരാൾക്കും മനസിലാകും. ആഴ്സണലിനായി 131 മത്സരങ്ങൾ കളിച്ച ഹ്ലെബ് ടീമിന്റെ ഉയർന്ന സാങ്കേതികതികവും വേഗതയുള്ളതുമായ നാലുപേരുടെ മിഡ്‌ഫീൽഡിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു, ലണ്ടനിൽ, ഫാബ്രിഗാസ്, ഫ്ലാമിനി അല്ലെങ്കിൽ റോസിക്കി തുടങ്ങിയ ചെറുപ്പക്കാരുമായി ആയിരുന്നു അദ്ദേഹത്തിന് അടുപ്പം.
ഒടുവിൽ 2008 വേനൽക്കാലത്ത് പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സലോണയിലേക്ക് 12 മില്യൺ ഡോളറിന്റെ നീക്കം. 3 വർഷത്തെ ആഴ്സണൽ ജീവിതത്തിന്റെ അവസാനം. മിക്ക കളിക്കാർക്കും ഒരു സ്വപ്ന നീക്കമായി കാണുന്ന ആ മാറ്റത്തിലൂടെ 2009 ലെ ആദ്യ സീസണിൽ ഹെഡ് കോച്ച് പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലീഗ്, കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ വിജയിച്ചു അദ്ദേഹവും ട്രെബിൾ ജേതാവായി. പക്ഷെ ഹ്ലെബ് എന്ന കളിക്കാരന് ആ മാറ്റം ഒരു ദുരന്തമായി മാറി. പരിക്കുകൾ കാരണം ഹ്ലെബ് ഒരിക്കലും ബാഴ്സയിൽ ഫോമിലെത്തിയില്ല,
“എന്തുകൊണ്ടാണ് ഞാൻ ആഴ്സണൽ വിട്ടുപോയതെന്ന് വിശദീകരിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്,” ഹ്ലെബ് പറയുന്നു. “ഞാൻ അവിടെ തികച്ചും സന്തുഷ്ടനായിരുന്നു. ആഴ്സൻ എന്നെ പൂർണ്ണമായും വിശ്വസിച്ചു. എന്നിട്ടും ഞാൻ പോകാൻ തീരുമാനിച്ചു. “ഞാൻ ബാഴ്‌സലോണയിലേക്ക് പോകണമെന്ന് ഏജന്റുമാരും മാനേജർമാരും എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. സത്യം പറഞ്ഞാൽ, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. ചില സമയങ്ങളിൽ, ഞാൻ മനസ്സിലാക്കി, ഞാൻ ആഴ്സണൽ വിടുകയാണ്”. ഇത് തന്റെ കരിയറിന്റെ കാര്യമാണെന്ന് ആഴ്സൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വല്ലാത്ത വിഷമം തോന്നി. അയാളെ ആഴ്സണലിൽ തുടരാൻ വെംഗർ എല്ലാം ചെയ്തു. അദ്ദേഹം എന്നെ ടെക്സ്റ്റ് ചെയ്തു. ‘അലക്സ്, ഞാൻ നിങ്ങളെ പോകാൻ അനുവദിക്കില്ല, ഞങ്ങൾക്ക് നിങ്ങളെ ഇവിടെ വേണം.’ അത് വായിച്ചു അയാൾ സംഘടപ്പെട്ടിട്ടുണ്ട് എന്നു പിന്നീട് അയാൾ തന്നെ സമ്മതിച്ചിരുന്നു.
വർഷങ്ങളായി ആഴ്സണലിനെയും വെംഗറിനെയും വിട്ടുപോയതിൽ ഖേദിക്കുന്ന നിരവധി കളിക്കാരിൽ ഒരാളാണ് താനെന്ന് ഹ്ലെബ് ഇന്നും മനസിലാക്കുന്നു, പക്ഷേ പഴയ ഗണ്ണേഴ്സ് ബോസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആ കൈമാറ്റത്തിനേയും അതിജീവിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ആഴ്സണൽ BATE നെതിരെ കളിച്ചപ്പോൾ അവർ വീണ്ടും മിൻസ്കിൽ വച്ചു കണ്ടുമുട്ടി. വെംഗർ അയാൾക്ക് ഒരു പിതാവിനെപ്പോലെയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഏതു കളിക്കാരനും വളരെ എളുപ്പമായിരുന്നു, കളിക്കാർക്ക് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ പിന്തുണ അനുഭവിചറിയാൻ കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ അയാളുടെ ആദ്യ സീസണിൽ, ദേശീയ ടീമിനായി കളിക്കുന്നതിനിടെ അയാൾക്ക് പരിക്കേറ്റു. തുടർന്ന് പരിക്കിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ, അയാൾ ആഴ്സണിനോട് പറഞ്ഞു, തന്നെ ജർമ്മനിയിലേക്കോ മറ്റോ ലോണ് അയയ്ക്കുകയാണെങ്കിൽ ടീമിന് ഒരു പ്രശനം അകത്തെ ശ്രമിക്കാം എന്നു. എന്നാൽ വെങ്ങേറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ‘ഞാൻ നിങ്ങളിൽ വിശ്വസിക്കുന്നു, എത്രയും വേഗം പൂർണ ആരോഗ്യവാനായി ടീമിനൊപ്പം ചേരുക’. അതായിരുന്നു ആർസെൻ വെങ്ങേർ എന്ന കോച്ച്.
2008 ലെ ബാഴ്‌സ നീക്കം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഹ്ലെബ് തന്നെ ഏറ്റെടുത്തിരുന്നു. ബാഴ്സ മാനേജരായി വന്നതിനു ശേഷം പെപ് ഗ്വാർഡിയോള ഒപ്പിട്ട ആദ്യത്തെ കളിക്കാരിൽ ഒരാളാണ് ഈ ബെലാറഷ്യൻ മിഡ്ഫീൽഡർ, പക്ഷേ അത് അദ്ദേഹത്തെ സഹായിച്ചില്ല. സ്പെയിനിൽ ഇതിയിട്ടും ഹ്ലെബ്ന് സ്പാനിഷ് ഭാഷ പഠിക്കാൻ കഴിഞ്ഞില്ല, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രബലമായ കാലഘട്ടങ്ങളിലൊന്നിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ബാഴ്‌സ ടീമിൽ മറ്റുള്ളവരിൽ നിന്ന് അയാൾ ക്രമേണ ഒറ്റപ്പെട്ടു. തുടർന്ന് ഈ ടീമിൽ സാവി, ആൻഡ്രസ് ഇനിയേസ്റ്റ, സെർജിയോ ബുസ്‌ക്വറ്റ്സ് എന്നിവർ എക്കാലത്തെയും മികച്ച മിഡ്‌ഫീൽഡ് ട്രിയോകളിലൊന്നായി മാറിയപ്പോൾ, ഒരു ഗെയിമിന് ശേഷം തന്റെ ടീം അംഗങ്ങളോട് സംസാരിക്കാൻ പോലും കഴിയാത്ത ഒരാൾക്ക് പിന്നീട് അവിടെ ഒന്നും ചെയ്യാൻ കഴിയാതെ പോയി. 4 വർഷം നീണ്ട ബാഴ്‌സ കരിയറിൽ ആദ്യ സീസണിന് ശേഷം അദ്ദേഹം 3 തവണ മറ്റു ടീമുകളിലേക്ക് ലോണ് അടിസ്ഥാനത്തിൽ കളിക്കാൻ പോയി. തുടർന്ന് 2012 ൽ ബാഴ്‌സ വിട്ടിറിങ്ങിയ അദ്ദേഹം പിന്നീട് 10 തവണ ടീം മാറുകയുണ്ടായി. 20 വർഷം നീണ്ട തന്റെ കരിയറിൽ 13 തവണ അദ്ദേഹം ടീമുകൾ തമ്മിൽ തമ്മിൽ മാറി. കൂടാതെ 3 ലോൺ മാറ്റങ്ങളും. അക്കാലയാളവിൽ 640 മത്സരങ്ങളിലായി 50 ഗോളുകളും 103 അസിസ്റ്റും അദ്ദേഹം നേടി. അതോടൊപ്പം ദേശീയ ടീമിനായി 81 മത്സരങ്ങളിലും അദ്ദേഹം ബൂട്ട് കെട്ടി. 2019 ൽ തന്റെ 38 ആം വയസിൽ ആണ് അദ്ദേഹം സജീവ ഫുട്ബാളിൽ നിന്ന് വിരമിക്കുന്നത്. വിരമിച്ച ശേഷവും തന്റെ രാജ്യത്തു ഫുട്ബോൾ കൂടുതൽ പ്രശസ്തമാക്കുവാനും വികസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.
2 വർഷം മുൻപ് അദ്ദേഹം പറയുകയുണ്ടായി ‘ഞാൻ ലണ്ടനിൽ പോയിട്ട് കുറച്ചധികം നാളായി, എന്നാൽ പോലും ഞാൻ ഇന്നും ആഴ്സണൽ ക്ലബ്ബിനെ മിസ് ചെയ്യുന്നു. മറക്കാൻ കഴിയാത്ത 3 വർഷത്തെ ഓർമകൾ ഇന്നും എന്റെ മനസിൽ ഉണ്ട്. “Miss you Arsene Wenger, Miss you Arsenal too”.
⚽ വിജയകൃഷ്ണൻ