ഫ്ലെമിംഗ് – ബ്ലാക്ക് ക്യാപ്സ് കണ്ട ഏറ്റവും മികച്ച കപ്പിത്താൻ.
2008 മാർച്ചിൽ, അദ്ദേഹത്തിന്റെ അവസാന പത്രസമ്മേളനം ആണ് വേദി, സ്റ്റീഫൻ ഫ്ലെമിംഗ് മക്ലീൻ പാർക്ക് കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്നത് നേപ്പിയറിലെ ഒരു ആരാധികയെ ആലിംഗനം ചെയ്തുകൊണ്ടാണ്. ആ ആഴ്ച തുടക്കത്തിൽ ന്യൂസിലൻഡിനായി 66 റൺസിന്റെ അവസാന ഇന്നിംഗ്സിന് ശേഷം ഫ്ലെമിംഗ് പുറത്തുകടക്കുമ്പോൾ ആ വനിതയുടെ വാക്കുകൾ “ഞങ്ങൾ നിന്നെ മിസ്സ് ചെയ്യും,” എന്നും. അതെ, ഞങ്ങൾക്ക് ഇനിമുതൽ അദേഹത്തെ കാണാനാവില്ല. ന്യൂസിലാന്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ, അവരുടെ മുൻനിര ബാറ്റ്സ്മാൻമാരിൽ ഒരാളും, ഒരുപക്ഷേ ഏറ്റവും മികച്ച സ്ലിപ്പ് ഫീൽഡറുമാണ് ഫ്ലെമിംഗ്. ടെസ്റ്റ് റാങ്കുകളിൽ നിന്ന് ഫ്ലെമിംഗിന്റെ പുറപ്പാട് ഇനി വലിയൊരു ശൂന്യത സൃഷ്ടിക്കാൻ പോകുന്നു. ടീമിലെ പ്രധാന നമ്പർ 3 സ്ഥാനം ആർക്കാണ് ഏറ്റെടുക്കാൻ കഴിയുകയെന്ന ചോദ്യം ഉയന്നിരിക്കുന്നു. കുറച്ചു നാൾ മുമ്പ് ഓപ്പണിംഗ് ബാറ്റിംഗ് ആങ്കർ മാർക്ക് റിച്ചാർഡ്സണ് ഒഴിച്ചിട്ടു പോയ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താൻ വിഷമിക്കുന്ന കിവി ടീമിന് ഈ വർഷം ഇനി ഫ്ലെമിംഗിന്റെ അഭാവം സമാനമായ അളവിൽ അല്ലെങ്കിൽ അതിലും മുകളിൽ ആയിരിക്കും ബാധിക്കുന്നത് എന്നത് അറിയാവുന്നത് കൊണ്ട് തന്നെ ആ വാർത്താസമ്മേളനത്തിന് ശേഷം കിവി ടീമിനെ ഇഷ്ടപ്പെടുന്ന ഓരോ വ്യക്തിയും ചിന്തിച്ചു വൈഷമ്യതയുടെ അവസാന അവസ്ഥയിൽ എത്തിയിരുന്നു. അതേ ഇനി സ്റ്റീഫൻ ഫ്ലെമിംഗ് എന്ന ക്യാപ്റ്റൻ ഇല്ല. അദ്ദേഹം തന്റെ ടീമിനെ തനിച്ചാക്കി, സഹകളിക്കാരെ വേർപെട്ട് ക്രിക്കറ്റ് എന്ന തന്റെ ഇഷ്ടവിനോദത്തിൽ നിന്നും വിരമിച്ചിരിക്കുന്നു.
1973 ഏപ്രിൽ 1 ന് ന്യൂസിലാണ്ട് ലെ ക്രൈസ്റ്റ്ചർച്ചിൽ ആയിരുന്നു സ്റ്റീഫൻ പോൾ ഫ്ലെമിംഗിന്റെ ജനനം. ചെറുപ്പം തൊട്ട് ക്രിക്കറ്റിൽ താല്പര്യം പ്രകടിപ്പിച്ച ഫ്ലെമിംഗ് സ്വന്തം ഹോം ടീം ആയ കാന്റർബറി ടീമിന് വേണ്ടി ആണ് ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. ആദ്യ വർഷങ്ങളിൽ തരക്കേടില്ലാതെ കളി തുടർന്ന ഫ്ലെമിംഗ് ടീമിന്റെ വിശ്വസ്തനായ ബാറ്റ്സ്മാൻ ആയി വളർന്നു.
അങ്ങനെ 1994 ൽ ഫ്ലെമിംഗ് കാത്തിരുന്ന ആ സമയം വന്നെത്തി. ദേശീയ ടീമിന് വേണ്ടി ഉള്ള അരങ്ങേറ്റം.മാർച്ചിൽ ഹാമിൽട്ടണിൽ ഇന്ത്യയ്‌ക്കെതിരേ ഫ്ലെമിംഗ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ 92 റൺസ് നേടി ‘മാൻ ഓഫ് ദ മാച്ച്’ അവാർഡും നേടി അരങ്ങേറ്റം ഗംഭീരമാക്കി.
ബ്ലാക്ക് ക്യാപ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് രുതേർഫോർഡും ലീ ജെർമോണും ആസനസ്ഥനായി നിന്ന സമയം ആയിരുന്നു ഫ്ലെമിംഗ് ടീമിൽ സ്ഥിരമാകുന്നത്. എന്നാൽ 1996 ൽ ബ്ലാക്ക് ക്യാപ്സിന്റെ കോച്ചിംഗ് ഏറ്റെടുത്ത ഓസ്ട്രേലിയക്കാരൻ സ്റ്റീവ് റിക്സൺ ഫ്ലെമിങ്ന്റെ നേതൃത്വഗുണങ്ങൾ മനസിലാക്കി എന്നു തോന്നുന്നു. 1996-97 സീസണിൽ ജെർമോണ് ബ്ലാക്ക് ക്യാപ്സ് ക്യാപ്റ്റൻ സ്ഥാനത് നിന്ന് പുറത്തായപ്പോൾ, തുടർന്ന് ഇംഗ്ലണ്ടിനെതിരെ ഉള്ള പരമ്പരയ്ക്ക് ഫ്ലെമിങ്ങിനെ ക്യാപ്റ്റൻസിയിലേക്ക് വെറും 23 വർഷം 319 ദിവസം പ്രായമുള്ളപ്പോൾ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാൾ എന്ന ബഹുമതിയും അദ്ദേഹത്തെ തേടി എത്തി. 1997 ൽ ഓക്ക്‌ലാൻഡിൽ ഇംഗ്ലണ്ടിനെതിരെ ഫ്ലെമിംഗ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി, 128 റൺസ് നേടി പൂർത്തിയാക്കി.
ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ നിന്നും മികച്ച ക്യാപ്റ്റൻ എന്ന സ്ഥാനത്തേക്ക് ഫ്ലെമിംഗ് പതിയെ വളർന്നു. അതിന്റെ ഫലമായി തന്നെ മികച്ച ചില റീസൽറ്റുകൾ കൈവരിക്കാനും കിവി ടീമിനായി. 1999 ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന്റെ സെമി ഫൈനൽ വരെ മുന്നേറിയ ബ്ലാക്ക് ക്യാപ്സ് ടീം തുടർന്ന് സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ രണ്ടാം തവണ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തുകയുണ്ടായി; 2000 ൽ കെനിയയിൽ നടന്ന ആദ്യ വിദേശ ഏകദിന ചാമ്പ്യൻസ് ട്രോഫി ആയ ഐസിസി നോക്ക്ഔട് ട്രോഫി ന്യൂസിലൻഡ് വിജയിച്ചു. കിവി ടീമിന്റെ ഇതുവരെ ഉള്ള ഏക ഐസിസി ട്രോഫി ഇതുമാത്രം ആണെന്ന് ഓർക്കുക.
തുടർന്നും ക്യാപ്റ്റൻ ഫ്ലെമിംങും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം മുൻപ് പ്രകടിപ്പിക്കാത്ത ഊർജസ്വലതയോടെ മികച്ച പ്രകടനങ്ങൾ തുടർന്നു. 2003 ൽ കൊളംബോയുടെ കരുത്തും ചൂടും മറികടന്നു നേടിയ 274 റൺസ് ഫ്ലെമിംങ്ങിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സ് ആയി കരുതപ്പെടുന്നു. ശ്രീലങ്കൻ സ്പിൻ-ബോൾ മാന്ത്രികൻ മുത്തയ്യ മുരളീധരന്റെ മണിക്കൂറുകൾ നീണ്ട ആക്രമണം നേരിട്ടു നേടിയ ആ പ്രകടനം ഇന്നും ഓര്മിക്കപ്പെടുന്ന ഒന്ന് തന്നെ. 2003 ൽ തന്നെ റിപ്പബ്ലിക്കിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റൺസ് നേടി പുറത്താകാതെ നിന്നത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സായും കരുതപ്പെടുന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ക്യാപ്റ്റന്റെ ആ ഇന്നിംഗ്സ് ന്യൂസിലൻഡിനെ സഹായിച്ചു.
2006 ഏപ്രിലിൽ, ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും തമ്മിൽ കേപ്ടൗണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഫ്ലെമിംഗ് തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി നേടി, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കിവി കളിക്കാരൻ ആയി. 2007 ക്രിക്കറ്റ് ലോകകപ്പിൽ 39.22 ശരാശരിയിൽ 353 റൺസ് നേടി, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ന്യൂസിലാന്റ് പ്ലേയറായിരുന്നു അദ്ദേഹം.
2006 ഒക്ടോബർ 25 ന് ഒരു ഏകദിനത്തിൽ തന്റെ ടീമിന്റെ ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തം 194-ാം തവണ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഒരു ലോക റെക്കോർഡ് സൃഷ്ടിച്ചു. 80 ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് കളിച്ചു, ഇതും അന്നത്തെ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡാണ്.പിന്നീട് ഗ്രെയിം സ്മിത്ത് ആ റെക്കോര്ഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു. വളരെ ഉൽപാദനക്ഷമതയുള്ള സ്ലിപ്പ് ക്യാച്ചറായിരുന്നു അദ്ദേഹം, ക്ലോസ്-ഇൻ സ്ഥാനങ്ങളിൽ ബുദ്ധിപരമായി ഫീൽഡ് ചെയ്യുവാൻ മികച്ച കഴിവുള്ളവൻ. 111 ടെസ്റ്റുകളിൽ നിന്നായി ഫ്ലെമിംഗ് 170 ക്യാച്ചുകൾ നേടിയിട്ടുണ്ട്. ഇത് ഒരു non വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ അഗ്രഗേറ്റാണ്.
ദേശീയ ടീമിൽ കളിക്കുന്നതിന്റെ ഒപ്പം അദ്ദേഹം ക്ലബ്ബ് ക്രിക്കറ്റിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. ഇംഗ്ലണ്ടിലെ മിഡിൽസെക്സ്, യോർക്ക്ഷയർ, നോട്ടിംഗ്ഹാംഷയർ എന്നിവിടങ്ങളിൽ ഫസ്റ്റ് ക്ലാസ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുകൾ കളിച്ചിട്ടുള്ള അദ്ദേഹം 2005 ൽ നോട്ടിംഗ്ഹാംഷെയർ ക്ലബ്ബിനെ നയിച്ചു, 18 വർഷത്തിലെ അവരുടെ ആദ്യ കൗണ്ടി ചാമ്പ്യൻഷിപ്പും നേടികൊടുത്തു. കൂടാതെ 2008 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 350,000 യുഎസ് ഡോളറിന് ചെന്നൈ സൂപ്പർ കിങ്‌സ് അദ്ദേഹത്തെ ടീമിൽ എടുത്തിരുന്നു.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ടീമിന്റെ നായകനായ ഫ്ലെമിംഗ് ന്യൂസിലാന്റിലെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനായാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റുകളിലും ഏകദിനങ്ങളിലും ന്യൂസിലാന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് ഫ്ലെമിംഗ് വിരമിക്കുന്നതും. തന്റെ ഷോട്ടുകളിലെ ചാരുതയ്ക്ക് പേരുകേട്ട അദ്ദേഹത്തിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ്, കവർ ഡ്രൈവ്, കട്ട് ഷോട്ടുകൾ എന്നിവ കാണുവാൻ എന്നും ഒരു വിരുന്ന് തന്നെ ആയിരുന്നു.
ജിയോഫ് ഹൊവാർത്തും ജെറമി കോണിയും മാത്രമാണ് ഫ്ലെമിംഗിന്റെ ക്യാപ്റ്റൻസി കഴിവുകളുമായി തരതമ്യപ്പെടുന്ന കിവി ക്യാപ്റ്റൻമാർ ആയിട്ട് അക്കാലം വരെ ഉണ്ടായിരുന്നത്. 1980 കളിൽ ലോകോത്തര കളിക്കാരായ റിച്ചാർഡ് ഹാഡ്‌ലിയുടെയും മാർട്ടിൻ ക്രോയുടെയും ആഡംബരങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
2007 ഏപ്രിൽ 24 ന് ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചു. 2008 മാർച്ച് 26 ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വിരമിച്ച ശേഷം ലോകമെമ്പാടുമുള്ള വിവിധ ടി 20 ടീമുകളുടെ പരിശീലകനായി സേവനമനുഷ്ഠിച്ചു വറികയാണ് അദ്ദേഹം. ചെന്നൈ ടീമിന് ഐപിഎൽ ട്രോഫി നേടികൊടുക്കുവാനും പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിനായി. വളർന്നു കൊണ്ടിരിക്കുന്ന സ്പോർട്സ്- ബിസിനെസ്സ് രംഗത്തു, പ്രത്യേകിച്ചു ട്വന്റി -20 പോലുള്ള ഇടത്തേക്ക് ഇറങ്ങിത്തിരിച്ചതും മികച്ച വിജയങ്ങൾ കൊയ്യുന്നതും, കളിക്കളത്തിൽ നിന്ന് തന്നെ വിജയം ഉറപ്പാക്കാൻ വേണ്ട ധാരാളം ബന്ധങ്ങൾ ഇതിനകം അദ്ദേഹം നേടിയിരിക്കുന്നു.
മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയ്ൻ വാക്കുകൾ ശ്രദ്ധിക്കാം,
“എന്റെ കാലഘട്ടത്തിൽ ഞാൻ എതിരെ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു സ്റ്റീഫൻ ഫ്ലെമിംഗ്, തന്റെ ടീമിലെ ഏറ്റവും മികച്ച കളിക്കാരെ എങ്ങനെ ഉപയോഗിക്കാം എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ കൂടുതൽ സെഞ്ച്വറികൾ കാണാൻ കഴിയെണ്ടതായിരുന്നു”.
അതേ, അദ്ദേഹം തനിക്കറിയാവുന്ന ജോലി മികച്ചരീതിയിൽ തന്നെ നടപ്പാക്കിയാണ് അവസാനം ജോലി അവസാനിപ്പിച്ചത്. അന്നും ഇന്നും എന്നും എന്നിലെ ക്രിക്കറ്റ് ഭ്രാന്തിനെ കിവി ടീമിന്റെ ആരാധകൻ എന്ന അവസ്ഥയിലേക്ക് അടുപ്പിച്ച പ്രിയപ്പെട്ട സ്റ്റീഫൻ ഫ്ലെമിംഗ്……..
വിജയകൃഷ്ണൻ