കരുത്തുകാട്ടാൻ പെൺപുലികൾ
2017 ജൂലായ് ഇരുപത്തിരണ്ടാം തീയതി ഒരു രാജ്യം മുഴുവൻ ഉറങ്ങാതെ സ്വപ്നം കണ്ടിരുന്നു. പിറ്റേ ദിവസം അവരുടെ ദേശീയ ടീം മറ്റൊരു ലോകകിരീടം കൂടി നാട്ടിലേക്കെത്തിക്കുന്നത്. പക്ഷെ ആ സ്വപ്‌നങ്ങൾ ഫൈനലെന്ന അവസാന കടമ്പയിൽ അവസാനിച്ചു. എങ്കിലും അവരാ സ്വപ്നത്തിലെ നായികമാരെ ആരാധിക്കാൻ തുടങ്ങിയിരുന്നു. ക്രിക്കറ്റ് എന്ന തങ്ങളുടെ പ്രിയഗെയിമിലെ രാജാക്കന്മാർക്കൊപ്പം ആ രാജകുമാരിമാരും അവരുടെ ഹൃദയത്തിൽ ഇടം പിടിച്ചു.
പക്ഷേ രാജകുമാരിമാരുടെ സംഘം വർഷങ്ങൾക്കു മുൻപേ ആ നാളുകൾ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1976ൽ ശാന്ത രംഗസ്വാമിയുടെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം എന്ന ആ വലിയ സ്വപ്നത്തിനു ചിറകുകൾ മുളച്ചിരുന്നു.
ഒരുപാട് തടസ്സങ്ങളിലൂടെയാണ് ആ സ്വപ്നം യാത്ര തുടങ്ങിയത്. 1983 ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ മാനങ്ങൾ നൽകിയെങ്കിലും വനിതാ ടീമിനു അപ്പോഴും പിന്നാമ്പുറങ്ങളിൽ ഒതുങ്ങികൂടേണ്ടി വന്നു. എൺപതുകളുടെ അവസാനപാദത്തിൽ ഡയാന എദുൽജിയുടെ നായകത്വത്തിൽ ചില മാറ്റങ്ങൾ ടീമിന് വന്നുവെങ്കിലും ബിസിസിഐ യുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഒരു ശരിയായ ദിശാബോധം ഇന്ത്യൻ വനിതാ ക്രിക്കറ്റിനു ലഭിച്ചിരുന്നില്ല.
മറ്റുരാജ്യങ്ങളിൽ വനിതാ ക്രിക്കറ്റ് ടീമുകൾ ദേശീയ ക്രിക്കറ്റ് ബോർഡുകളോട് ഇണയ്ക്കപ്പെട്ടെങ്കിലും ബിസിസിഐ യുടെ കനിവു ലഭിക്കാത്തതിനാൽ ഇന്ത്യൻ ടീമിന്റെ വളർച്ച മുരടിച്ചുതന്നെ നിന്നു. ഒരു സ്വതന്ത്ര് സംഘടനയായി നിലനിന്നുവെങ്കിലും വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു. സ്വതന്ത്രമായി നിന്നുകൊണ്ട് തന്നെ രണ്ടു ലോകകപ്പുകൾ ഇന്ത്യയിൽ വച്ചു വിജയകരമായി നടത്തുവാൻ അസോസിയേഷനു സാധിച്ചിരുന്നു.
1997ൽ ഇന്ത്യ ആതിഥ്യമരുളിയ ലോകകപ്പോടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിനു കാര്യമായ മാറ്റങ്ങൾ കൈവന്നത്. മിതാലി രാജ് എന്ന അദ്‌ഭുതവനിതയുടെ ഉദയത്തോടെയാണ് ഇതു സംഭവിച്ചതെന്നു നിസ്സംശയം പറയാം. ലോകക്രിക്കറ്റിനു തന്നെ പുതിയ മാനങ്ങൾ നൽകിയ മിതാലി കൂടുതൽ ഇന്ത്യൻ പെൺകുട്ടികളെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യ മൂന്നാമതായി ഫിനിഷ് ചെയ്ത 2000 ലോകകപ്പിന് ശേഷം ജൂലാൻ ഗോസ്വാമി കൂടി രംഗപ്രവേശം ചെയ്തതോടെ ഏതു വമ്പന്മാരെയും തോല്പിക്കാൻ കഴിവുള്ള ടീമായി മാറിയിരുന്നു ഇന്ത്യൻ പെൺപട.
തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിനു ലഭിച്ച വരദാനമായിരുന്നു മിതാലി. ഇംഗ്ലീഷ് ഓസ്ട്രേലിയൻ ക്രിക്കറ്റ്റർമാർ കൈയ്യടക്കി വച്ചിരുന്ന വനിതാ ക്രിക്കറ്റിലെ പല റെക്കോർഡുകളും മിതാലിക്കു മുന്നിൽ തലകുനിച്ചു. അതിലേറെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്കായി അവൾ നൽകിയ സംഭാവന. ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് എന്നൊരു കായിക രംഗമുണ്ടെന്നു ഇന്ത്യക്കാർക്കു തന്നെ മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു മിതാലി. അവളുടെ പാത പിന്തുടർന്ന് ടീമിലെത്തിയ താരങ്ങൾക്കു തന്റെ പ്രകടനങ്ങളിലൂടെ മികച്ച ഉദാഹരണമായി മിതാലി ഇന്നും കരിയർ തുടരുന്നു. അവരുടെ പ്രകടനങ്ങളെ വളരെക്കാലം അവഗണിക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും കഴിയുമായിരുന്നില്ല 2006ൽ മുഖ്യധാരാ ക്രിക്കറ്റിലേക്ക് നമ്മുടെ പെൺപടയും കൂട്ടിച്ചേർക്കപ്പെട്ടു.
ഇക്കഴിഞ്ഞ വനിതാ ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഹർമൻപ്രീത് കൗർ നേടിയ സെഞ്ചുറി കണ്ടിരുന്നുവോ?, 1983 ലോകകപ്പിൽ സാക്ഷാൽ കപിൽദേവ് നടത്തിയ ഒറ്റയാൾ പോരാട്ടത്തെ പുനരാവിഷ്കരിക്കുകയായിരുന്നു ആ പഞ്ചാബുകാരി. ആ പ്രകടനം കണ്ട ഒരാളും നമ്മുടെ പെൺപുലികളെ പാർശ്വവത്കരിക്കാൻ ആഗ്രഹിക്കില്ല. ദീപ്തി ശര്മയുടെയും പൂനം യാദവിന്റെയും ബൌളിംഗ് നമ്മെ അദ്‌ഭുതപ്പെടുത്തിയേക്കാം. ഓപ്പണിങ്ങിൽ റൺമഴ പെയ്യിക്കുന്ന സ്മൃതി മന്ദനയുടെ പ്രകടനങ്ങൾ ഏതു ക്രിക്കറ്റ് പ്രേമിയെയാണ് ആവേശം കൊള്ളിക്കാത്തത്?.
വർഷങ്ങൾക്കു മുന്നേ ഇന്ത്യൻ വനിതാ ടീമിന്റെ ലോകകപ്പ് മത്സരങ്ങൾ പോലും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്തിരുന്നില്ല. പക്ഷേ ഇന്ന് കഥ മാറിയിരിക്കുന്നു. കോടികൾ കിലുങ്ങുന്ന IPL മാമാങ്കത്തിൽ നിന്നുപോലും അവരെ മാറ്റി നിർത്താൻ കഴിയുന്നില്ല. ഇന്നു തുടങ്ങുന്ന് ഇന്ത്യ – ഓസ്ട്രേലിയ -ഇംഗ്ലണ്ട് പാരമ്പരയ്ക്കായി ഇറങ്ങുമ്പോൾ അവർ നമുക്കു വാഗ്ദാനം ചെയ്യുന്നതും അതേ പോരാട്ട വീര്യമാണ്. ഒരിക്കൽ അവർ മാത്രം കണ്ടിരുന്ന സ്വപ്നം ഒരു രാജ്യത്തെ മുഴുവൻ കാണുവാൻ പ്രേരിപ്പിച്ച അതേ പോരാട്ടവീര്യം.