വീണ്ടും പുരസ്കാരനിറവിൽ സിന്ധു
വന്യമായൊരു കരുത്തുമായാണ് പുസർല വെങ്കട് സിന്ധുവെന്ന ആന്ധ്രാപ്രദേശുകാരി ബാഡ്മിന്റൺ കോർട്ടിൽ നിറഞ്ഞാടുക. എതിരാളിയുടെ ബലമോ ബലഹീനതയോ കാര്യമാക്കാതെ സ്വന്തം കരുത്തിനെ മാത്രം ആശ്രയിച്ചുള്ള കളി രീതി. അതിനാൽ തന്നെയാണ് ലോക റാങ്കിങ്ങിൽ തന്നെക്കാളും ഏറെ മുകളിലുള്ളവരോടുപോലും ഒട്ടും ഭയക്കാതെ പോരാടാൻ അവൾക്കു സാധിക്കുന്നത്. കളത്തിനകത്തും പുറത്തും അവൾ നേടിയ നേട്ടങ്ങളുടെ കാതലും അതേ സമീപനം തന്നെ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ബാഡ്മിന്റൺ ലോകം രണ്ടു പെൺകൊടികളിലേക്കു ചുരുങ്ങിയിരുന്നു. ഒളിമ്പിക്സ് വെങ്കലമെഡലുമായി സൈന നേവാൾ തുടങ്ങിവെച്ച ആ യാത്ര പിന്നീട് സിന്ധു ഏറ്റെടുത്തതോടെ കുറച്ചുകൂടി വേഗത കൈവരിച്ചു. ഒരുപക്ഷേ ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം ചർച്ച ചെയ്ത കായികതാരം എന്ന നിലയിലേക്കു സിന്ധു വളർന്നു.
2009ലാണ് സിന്ധു അന്താരാഷ്ട്ര ബാഡ്മിന്റൺ രംഗത്ത അരങ്ങേറ്റം കുറിച്ചത്. വെറും എട്ടുവർഷത്തിനുള്ളിൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ അവൾക്കു സാധിച്ചു. 2013, 14 ലോക ചാംപ്യൻഷിപ്പുകളിൽ വെങ്കലമെഡലുകൾ, 2016 റിയോ ഡി ജനീറോ ഒളിംപിക്സിൽ നേടിയ വെള്ളിമെഡൽ തിളക്കം, 2017, 18 വർഷങ്ങളിൽ വീണ്ടും ലോകചാമ്പ്യന്ഷിപ്പ് വെള്ളിമെഡലുകൾ. ഒടുവിൽ കഴിഞ്ഞ വർഷം ആദ്യമായി ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അവൾ മാറി. ഇക്കാലമത്രയും ആരെയും തകർക്കാൻ കെൽപുള്ള ഒരു കൊടുങ്കാറ്റായി മാറുകയായിരുന്നു അവൾ.
ലോക റാങ്കിങ്ങിൽ തന്നെക്കാൾ മുകളിലുള്ളവരെ പരാജയപ്പെടുത്തുക എന്നത് അവൾക്കൊരു ഹരമായിരുന്നു. കരോലിന മാരിൻ, നോമി ഒകുഹാര മുതലായ ലോകപ്രശസ്ത താരങ്ങൾ പലകുറി സിന്ധുവിന്റെ കരുത്തിനു മുന്നിൽ അടിയറവു പറഞ്ഞിട്ടുണ്ട്. കൈക്കരുത്തും കളത്തിലെ ചടുലമായ വേഗതയും അവളുടെ മികവിനു തുണയായി മാറി. അഞ്ചു സെറ്റുകൾ നീളുന്ന പോരാട്ടങ്ങളിൽ പലപ്പോഴും അവൾ കാട്ടിയ ശാരീരികക്ഷമത എതിരാളികളുടെ പോലും പ്രശംസയ്ക്ക് പാത്രമായി.
അവളുടെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കാൻ രാജ്യത്തിനും സാധിക്കുമായിരുന്നില്ല. 2016ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന നൽകി ഭാരതം അവളെ ആദരിച്ചപ്പോൾ ഈ റിപ്പബ്ലിക് ദിനത്തിൽ അവളെ കാത്തിരുന്നത് പത്മഭൂഷൺ ബഹുമതിയാണ്. രാജ്യത്തിന്റെ സ്വപ്നമാണവൾ. ഈ വർഷം ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് ടൂർണമെന്റിൽ അവൾ പേറുക ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളാണ്.