ഒളിമ്പിക്സ് ചരിത്രത്തിലെ മറന്നുപോയ മലയാളിത്തിളക്കം
ത്രിവർണപതാകയുടെ കീഴിൽ ഒളിമ്പിക്സ് വേദിയിൽ മാർച്ച് ചെയ്യുകയെന്നത് ഇന്ത്യക്കാരനായ ഏതൊരു കായികതാരത്തിന്റെയും സ്വപ്നമായിരിക്കും. അഭിമാനകരമായ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ സഫലമാക്കിയ താരം ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ആണ്. എന്നാൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒരു പാതി മലയാളിയെക്കുറിച്ചു നമ്മിൽ ഭൂരിഭാഗം പേരും അറിയാൻ സാധ്യതയില്ല.
ശിവകേശവനെകുറിച്ചറിയുന്നതിനുമുൻപ് നാം ല്യൂജ് എന്ന വളരെ അപകടകരമായ ഗെയിമിനെക്കുറിച്ചറിയേണ്ടതുണ്ട്. ഐസ് നിറഞ്ഞ ട്രാക്കിലൂടെ സ്ലെഡ് എന്ന ഒരു സ്കേറ്റിംഗ് ഉപകരണത്തിലൂടെയുള്ള റൈഡിങ് ഗെയിം ആണിത്. 1964ൽ ആണ് ല്യൂജ് ആദ്യമായി വിന്റർ ഒളിംപിക്സിൽ ഉൾപ്പെടുത്തിയത്. ഇറ്റലി, ജർമ്മനി,ഓസ്ട്രിയ മുതലായ യൂറോപ്യൻ രാജ്യങ്ങൾ കുത്തകയാക്കി വച്ചിരുന്ന ല്യൂജിലേക്കു കടന്നുവരുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു ശിവ കേശവൻ.
മലയാളിയായ സുധാകരന്റെയും ഇറ്റലിക്കാരി റോസൽബായുടെയും മകനായി 1981 ഓഗസ്റ്റ് 25നു മണാലിയിലാണ് ശിവ ജനിച്ചത്. തന്റെ പതിനാലാം വയസ്സുവരെ ല്യൂജിനെക്കുറിച്ചു ഒരു ധാരണയുമില്ലാതെ സ്കീയിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നടന്ന ശിവയുടെ തലവര മാറ്റിയെഴുതിയത് മുൻ ലോകചാമ്പ്യനായ ഗന്തർ ലാംറർ ആണ്. പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ യാത്രയിൽ ഇന്ത്യയിലെത്തിയ അദ്ദേഹം ശിവയുടെ കഴിവ് തിരിച്ചറിയുകയും ല്യൂജ് കളിക്കാൻ പരിശീലിപ്പിക്കുവാനും തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽതന്നെ വിന്റർ ഒളിംപിക്സിന് യോഗ്യത നേടിക്കൊണ്ടാണ് ശിവ തന്റെ ഗുരുവിനുള്ള ദക്ഷിണ നൽകിയത്. 1998 നാഗാനോ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ ശിവയുടെ പ്രായം 16 വയസുമാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ല്യൂജ് ഒളിമ്പ്യൻ എന്ന ശിവയുടെ ഈ റെക്കോർഡ് ഇനിയും തകർക്കപ്പെട്ടിട്ടില്ല. പിന്നീടുള്ള ആറു ഒളിംപിക്സുകളിൽ തുടർച്ചയായി അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014 സോചി ഒളിംപിക്സിൽ ഇന്ത്യൻ ഒളിമ്പിക്സ് കൗൺസിലിനെ അയോഗ്യരാക്കിയിരുന്നതിനാൽ ഉൽഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയുടെ കീഴിൽ മാർച്ച് ചെയ്യാൻ ശിവയ്ക്കു സാധിച്ചിരുന്നില്ല.
ഒളിംപിക്സുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ശിവയുടെ നേട്ടങ്ങൾ. ഏഷ്യൻ വിന്റർ ചാംപ്യൻഷിപ്പുകളിൽ ഒരു സ്ഥിരസാന്നിധ്യമായിരുന്നു ശിവ. 2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടി മെഡൽ വേട്ടക്ക് തുടക്കമിട്ട ശിവ പിന്നീടങ്ങോട്ട് ഏഷ്യൻ ല്യൂജിലെ രാജാവായി മാറി. 2008 ൽ വീണ്ടും വെങ്കലം നേടിയശേഷം
2009, 2013, 2014, 2015 എന്നീ വർഷങ്ങളിൽ വെള്ളി മെഡലുകളുംനേടി. 2011, 2012, 2016, 2017 വർഷങ്ങളിൽ സ്വർണത്തിളക്കവും ശിവയുടെ മെഡലുകൾക്കു കൈവന്നു. റെക്കോർഡുപുസ്തകത്തിൽ ല്യൂജിലെ ഏഷ്യക്കാരന്റെ മികച്ച വേഗത 134.3 kmph എന്നും സമയം 49.590 എന്നും ശിവ മാറ്റിയെഴുതിയത് ഇന്നും ഭേദിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയെപ്പോലെ ഒരു ഉഷ്ണമേഖലാ രാജ്യത്തുനിന്നും വിരലിലെണ്ണാവുന്ന താരങ്ങളാണ് ശീതകാല ഒളിംപിക്സിൽ പങ്കെടുത്തിരുന്നത് എന്നതിനാലാകാം (2018ൽ രണ്ടുപേർ മാത്രമാണ് പങ്കെടുത്തത്), അവഗണനകൾ തന്നെയാണ് എന്നും ശിവക്കു നേരിടേണ്ടി വന്നത്. 1998ൽ ആദ്യ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ പാകമാകുന്ന ഒരു ജേഴ്‌സി പോലും ശിവക്ക് ലഭിച്ചിരുന്നില്ല. സാമ്പത്തികമായി വളരെയേറെ ചിലവുള്ള പരിശീലനമാണ് ല്യൂജിനു വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യയിലാക്കട്ടെ ഒരു ല്യൂജ് ട്രാക്കുപോലുമുണ്ടായിരുന്നില്ല. ഓസ്ട്രിയ, ജർമ്മനി മുതലായ വിദേശരാജ്യങ്ങളിലായിരുന്നു ശിവ പരിശീലനം നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിഞ്ഞ ശിവയ്ക്കു 2002ൽ ഇറ്റാലിയൻ ടീം എല്ലാ സഹായങ്ങളും ദേശീയ ടീമിൽ സ്ഥാനവും വാഗ്ദാനം ചെയ്‌തെങ്കിലും ഇന്ത്യകു വേണ്ടി മത്സരിക്കാനുള്ള ആഗ്രഹംമൂലം അദ്ദേഹം അതു നിരസിച്ചു. 2014 സോചി ഒളിംപിക്സിൽ
ഫണ്ടിന്റെ അപര്യാപ്തത മൂലം പങ്കെടുക്കാൻ സാധിക്കില്ല എന്ന ഘട്ടത്തിൽ സോഷ്യൽ മീഡിയ കൂട്ടായ്മകളും മറ്റു സുഹൃത്തുക്കളും ചേർന്നാണ് അതിനുള്ള പണം സ്വരൂപിച്ചത്. തന്നെ സഹായിച്ച അൻപതിനായിരത്തോളം വരുന്ന ആളുകളുടെ പേരുകൾ ജേഴ്‌സിയിൽ എഴുതിയാണ് അദ്ദേഹം അവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തിയത്.
2018 ഫെബ്രുവരിയിൽ നടന്ന പ്യോങ്ചാങ് ഒളിംപിക്സോടെ ഇരുപതു വർഷത്തെ കായികജീവിതത്തിനു ശിവ വിരാമമിട്ടു. ഇന്ത്യയിൽ അധികമാർക്കും കേട്ടുകേൾവിപോലുമില്ലാത്ത ല്യൂജ് എന്ന കളിയിൽ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചത് കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടുതന്നെയാണ്.
ചിലർ അങ്ങനെയാണ്, അവർ വേറിട്ട വഴികൾ തിരഞ്ഞെടുക്കുന്നു, പ്രതികൂല സാഹചര്യങ്ങളോട് പോരാടി വിജയങ്ങൾ സ്വന്തമാക്കുന്നു, മറ്റുള്ളവർക്ക് പ്രചോദനമാകുന്നു.. വ്യത്യസ്തത തേടുന്ന നമ്മുടെ പുതുതലമുറക്ക് ശിവയുടെ ജീവിതം ഒരു പ്രചോദനമാകട്ടെ.