കേരള കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരച്ചിലിന്റെ 35 വർഷങ്ങൾ
“ഫൈനലിന് ഇറങ്ങും മുമ്പ് ഞാൻ കഞ്ഞിയും കടുമാങ്ങ അച്ചാറുമാണ് കഴിച്ചത്. ഫൈനലിൽ എന്റെത് മികച്ചതിലും മികച്ച ഒരു തുടക്കമായിരുന്നു.എന്നാൽ പോഷകങ്ങളില്ലാത്ത ഭക്ഷണം കഴിച്ചത് അവസാന 35 മീറ്ററിലെ പ്രകടനത്തെ വല്ലാതെ ബാധിച്ചു. എനർജി ലെവൽ നിലനിർത്താനായില്ല.ആദ്യ 75 മീറ്റർ 6.2 sec കൊണ്ട് പിന്നിട്ടിരുന്നു.എന്നാൽ പിന്നീട് ആ താളം നിലനിർത്താനായില്ല. പുഴുങ്ങിയ ഉരുളക്കിഴങ്ങും പാതി വെന്ത ചിക്കനും സോയ സോസുമൊന്നും കഴിച്ച് എനിക്ക് പരിചയമില്ലായിരുന്നു. അവിടെ അമേരിക്കൻ ഭക്ഷണം മാത്രമേ കിട്ടൂ എന്ന് ആരും പറഞ്ഞതുമില്ല. വേറൊരു വഴിയുമില്ലാത്തതു കൊണ്ടാണ് കഞ്ഞി കഴിക്കേണ്ടി വന്നത് .”
1984 എന്ന വർഷം ഇന്ത്യയുടെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു വർഷമായിരുന്നു .ഇന്ദിരാ ഗാന്ധിയുടെ മരണം ,രാകേശ് ശർമ്മയുടെ ബഹിരാകാശ യാത്ര, അമൃത്സറിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ ,പാകിസ്ഥാൻ തീവ്രവാദികൾക്കെതിരായ ഓപ്പറേഷൻ മേഘദൂത് ,ഭോപ്പാൽ വിഷവാതക ദുരന്തം, ബച്ചേന്ദ്രിപാലിന്റെ എവറസ്റ്റ് ആരോഹണം എന്നിങ്ങനെ പോകുന്നു ആ പട്ടിക.ആ വർഷം ഇന്ത്യൻ കായിക ചരിത്രത്തിന് ,പ്രത്യേകിച്ച് കേരള അത് ലറ്റ്ക്സിന് ഏറ്റവും അഭിമാനകരവും എന്നാൽ ദുരന്തം സമ്മാനിച്ചതുമായ ഒരു സംഭവം കൂടി ഉണ്ടായി.
1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ സെക്കന്റിന്റെ 100 ൽ ഒരംശത്തിൽ മെഡൽ നഷ്ടപ്പെട്ടപ്പോൾ പിലാവുകണ്ടിതെക്കേപറമ്പിൽ ഉഷ യെക്കാൾ വിതുമ്പിയത് കേരളമായിരുന്നു .തലനാരിഴ വ്യത്യാസത്തിൽ ഫിനിഷിങ് നടന്ന ആ മത്സരത്തിൽ ആദ്യഫല പ്രഖ്യാപനത്തിൽ അന്ന് 20 കാരിയായിരുന്ന ” പയ്യോളി എക്സ്പ്രസ്സ് ” എന്ന ഉഷ ക്കായിരുന്നു വെങ്കലം. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞതോടെ ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു ദുരന്ത നായികയായി മാറാനായിരുന്നു ഉഷയുടെ വിധി .
ആ ഫൈനലിൽ വെള്ളി മെഡൽ നേടിയ അമേരിക്കയുടെ ജൂഡി ബ്രൗണിനെ സെമി ഫൈനലിലും ഒളിംപിക്സിന് തൊട്ട് മുമ്പ് നടന്ന ഒരു ട്രാക്ക് & ഫീൽഡ് മത്സരത്തിലും ഉഷ പരാജയപ്പെടുത്തിയിരുന്നു എന്ന് കൂടി അറിയുമ്പോഴാണ് ആ നഷ്ടം എത്രത്തോളം വലുതായിരുന്നു എന്ന് മനസിലാകുന്നത്. മാത്രമല്ല 2 വർഷം മുൻപ് നടന്ന ഏഷ്യാഡിൽ ഈ ഇനത്തിൽ ഏഷ്യൻ റെക്കോർഡും ഉഷ സ്വന്തമാക്കിയിരുന്നു.
ചരിത്ര ഫൈനലിന് മുൻപ് നടന്ന ഹീറ്റ്സിൽ ജൂഡി ബ്രൗണിന് പിന്നിൽ രണ്ടാമതായ ഉഷ സെമിഫൈനലിൽ ബ്രൗണിനെ നേരിയ വ്യത്യാസത്തിൽ മറി കടന്നിരുന്നു. ഫൈനലിൽ അഞ്ചാം ട്രാക്കിൽ മത്സരിച്ച ഉഷയുടേത് മികച്ച സ്റ്റാർട്ട് ആയിരുന്നെങ്കിലും മറ്റൊരു അത് ലറ്റിന്റേത് ഫൗൾ സ്റ്റാർട്ട് ആയതിനാൽ മത്സരം വീണ്ടും തുടങ്ങേണ്ടി വന്നു. രണ്ടാമത്തെ അവസരത്തിൽ മറ്റുള്ളവരേക്കാൾ പിന്നിലായിപ്പോയെങ്കിലും അവസാന 200 മീറ്ററിൽ ഉഷ ഒപ്പത്തിനൊപ്പമെത്തി .
മൊറോക്കോയുടെ നവാൽ എൽമൗണ്ട് വാക്കർ അനായാസമായി ലീഡ് എടുത്ത് ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ പോരാട്ടം ഉഷയടക്കം 3 പേരിലൊതുങ്ങി. അവസാന 50 മീറ്ററിൽ 8 മം ലൈനിലോടിയ ജൂഡി ബ്രൗൺ അവിശ്വസനീയ പ്രകടനം നടത്തിയപ്പോൾ ഉഷ മൂന്നാം സ്ഥാനത്തിനായി പോരാടിയത് റുമാനിയയുടെ ക്രിസ്റ്റീന കൊജാക്കരുവിനോടായിരുന്നു. രണ്ടു പേരും ഒരേ സമയം ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ മത്സരം ഫോട്ടോ ഫിനിഷിലെത്തി. ഫലപ്രഖ്യാപനം വന്നപ്പോൾ ഉഷ തകർന്നു പോയി. ഒന്ന് വീണിരുന്നെങ്കിൽ 3 മം സ്ഥാനം കിട്ടുമായിരുന്നേനെ .എന്നാൽ ആ ടെക്നിക്ക് തനിക്കറിയില്ലായിരുന്നു എന്നാണ് ഉഷ പിന്നീട് പറഞ്ഞത് .1960 റോം ഒളിംപിക്സിൽ സമാന സംഭവത്തിൽ നാലാം സ്ഥാനത്തെത്തിയ മിൽഖാസിങ്ങിന് ലഭിച്ച ശാപം ഇന്ത്യൻ അത് ലറ്റിക്സിനെ വിട്ടു പോകാതെ വീണ്ടും പിന്തുടർന്നു .
നാട്ടിലെത്തിയ ഉഷയ്ക്ക് ഗംഭീര സ്വീകരണം ലഭിച്ചെങ്കിലും മറ്റൊന്നും തന്നെ ആ നഷ്ടത്തിന് പകരം വെക്കാൻ പറ്റില്ലായിരുന്നു.
ഉഷയുടെ നഷ്ടം പലതായിരുന്നു. അതറിയണമെങ്കിൽ അന്ന് ഒന്നാം സ്ഥാനം നേടിയ, മൊറോക്കോ എന്ന അത് ലറ്റിക്സിന് തീരെ വേരോട്ടമില്ലാതിരുന്ന രാജ്യത്തിൽ നിന്നും വന്ന നവാൽ എൽ മൗണ്ടിന് കിട്ടിയ സൗഭാഗ്യങ്ങൾ നോക്കിയാൽ മതി.
മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നിന്നും ഒളിംപിക് സ്വർണം നേടിയ ആദ്യ വനിത, മൊറോക്കോയുടെ ആദ്യ ഒളിംപിക് സ്വർണം എന്നിങ്ങനെ നിരവധി ബഹുമതികൾ നേടിയ അവരെ മൊറോക്കോ രാജാവ് നേരിൽ വിളിച്ച് അഭിനന്ദിച്ചതോടൊപ്പം ഫൈനൽ ദിനമായ ആഗസ്റ്റ് 8 ന് ജനിച്ച രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും അവരുടെ പേര് നൽകണമെന്ന് പ്രഖ്യാപിക്കുക പോലും ചെയ്തു. അവരുടെ നാട്ടിലെ പെൺകുട്ടികൾക്ക് ഏറെ പ്രചോദനമായിരുന്നു ആ വിജയം.കൂടാതെ 1995 ൽ അന്താരാഷ്ട്ര അത് ലറ്റിക് ഫെഡറേഷനിലും 1998 ൽ അന്താരാഷ്ട ഒളിംപിക് കമ്മറ്റിയിലും അംഗമായ അവർ 2012 ന് IOC യുടെ പ്രസിഡണ്ടും 2007ൽ രാജ്യത്തെ കായിക മന്ത്രി പോലുമായി .ഉഷയുടെ നേട്ടത്തിൽ ഊർജം കൊണ്ട കുറച്ചു കായിക പ്രേമികൾ അവരുടെ പേര് തങ്ങളുടെ പെൺകുട്ടികൾക്ക് വിളിച്ചു എന്നല്ലാതെ ഉഷയുടെ കാര്യത്തിൽ മറ്റൊന്നും സംഭവിച്ചില്ല എന്നത് ഒരു ദു:ഖസത്യം.
ഒരു വർഷത്തിനു ശേഷം 1985ലെ ഏഷ്യൻ ട്രാക്ക് & ഫിൽഡ് മത്സരത്തിലും 1986 ലെ സോൾ എഷ്യാഡിലും അടക്കം ആകെ 4 സ്വർണവും ഒരു വെള്ളിയും നേടിയ ഉഷ ഒളിംപിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയോടൊപ്പം ” GoldenGirl ” ,” ഏഷ്യയിലെ റാണി ” എന്നീ പേരുകളിലും വിശേഷിപ്പിക്കപ്പെട്ടു .
1990 ൽ റിട്ടയർ ചെയ്തെങ്കിലും ഉഷ 1993 ൽ മടങ്ങി വരികയുണ്ടായി.1998 ൽ 34 മം വയസിൽ ജപ്പാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തന്റെ തന്നെ പേരിലുള്ള 200 മീറ്റർ റെക്കോർഡ് തകർത്ത് വെങ്കല മെഡൽ നേടിയപ്പോൾ കായികലോകം ഒന്നടങ്കം എണീറ്റ് നിന്ന് കയ്യടിച്ചു.1999 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരം എന്ന ബഹുമതി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനൊപ്പം പങ്കിട്ടതു മാത്രം മതി.ഉഷയുടെ മൂല്യമറിയാൻ.
തന്റെ കാലഘട്ടത്തിൽ കേരളത്തിലെ ഫൂട്ട് പാത്തുകളിലും ട്രെയിൻ ട്രാക്കുകളിലും ഓടി പരിശീലിച്ച ഉഷ പൂനെയിലും പട്ട്യാലയിലും ഡൽഹിയിലും പോകുന്ന കാലത്ത് മാത്രമാണ് സിന്തറ്റിക് ട്രാക്ക് കാണുന്നത് തന്നെ .മാസം 250 രൂപ സ്കോളർഷിപ്പിൽ കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ പഠിച്ച ഉഷ 1978 ൽ 14 മം വയസിൽ ജൂനിയർ ഇന്റർസ്റ്റേറ്റ് മീറ്റിൽ 100 m ,60 m ഹർഡിൽസ്, ഹൈംജംപ് ,200 m ഇനങ്ങളിൽ സ്വർണം നേടിയതിനൊപ്പം ലോംഗ്ജംപിലും 4 X 100 മീറ്റർ റിലേയിലും വെങ്കലം കൂടി നേടിയതോടെയാണ് കായിക കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.
1980 മോസ്കോ ഒളിംപിക്സിൽ 16 മം വയസിൽ 100 m ഹീറ്റ്സിൽ മത്സരിച്ചെങ്കിലും 5 മതായി മാത്രമേ ഫിനിഷ് ചെയ്യാൻ പറ്റിയുള്ളൂ.1981 ൽ 11.8 സെക്കന്റിൽ 100 മീറ്ററിലും 24.6 സെക്കന്റിൽ 200 മീറ്ററിലും ദേശീയ റെക്കോർഡ് സൃഷ്ടിച്ചപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു ഇന്ത്യൻ കായിക ചരിത്രത്തിൽ അവിശ്വസനീയ നേട്ടങ്ങൾ കൈവരിക്കാൻ തക്ക പ്രാപ്തിയുണ്ട് ഈ മെലിഞ്ഞ പെൺകുട്ടിക്കെന്ന്.
തന്റെ കരിയറിൽ 101 ഇന്റർനാഷണൽമെഡലുകൾ വാരിക്കൂട്ടിയ ഉഷയെ 1984 ന്റെ വേദനകൾ ഇന്നും വേട്ടയാടുന്നുണ്ടാകും.അന്ന് മറ്റ് രാജ്യങ്ങളിലെ അത് ലറ്റുകൾക്ക് ലഭിച്ച സൗകര്യങ്ങളും ബൂട്ടും ട്രാക്ക് സ്യൂട്ടുകളും നൽകുന്നതിലും ഭക്ഷണ സൗകര്യങ്ങൾ നൽകുന്നതിലും അത് ലറ്റിക്സ് മേധാവികൾ ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഉഷക്കും ഇന്ത്യൻ അത്‌ലറ്റിക്സിനും മറക്കാനാകാത്ത നിമിഷങ്ങൾ ലഭിച്ചേനെ.
ഉഷയുടെ ഭാഗ്യക്കേടിന് 35 വർഷമാകുന്നു .ഉഷയുടെ നേട്ടം ഇന്ത്യൻ അത് ലറ്റിക്സിന് കുതിപ്പ് നൽകാൻ മാത്രം മികച്ചതായിരുന്നു .എന്നാൽ ഇന്ത്യൻ അത് ലറ്റിക്സിന്റെ കിതപ്പാണ് പിന്നീടുള്ള നാളുകളിൽ കണ്ടത് . ഈ വർത്തമാന കാലത്തും പാഠം പഠിക്കാത്ത ഇന്ത്യൻ കായിക ലോകത്തിന്റെ ഭാവി എങ്ങോട്ട് ?
അല്ലെങ്കിലും IPL ക്രിക്കറ്റിൽ അല്ലെങ്കിൽ ISL ഫുട്ബോളിൽ ഒരു മത്സരം മാത്രം കളിക്കാൻ അവസരം കിട്ടുന്ന ഒരു കളിക്കാരനെ പോലും കൊട്ടിഘോഷിക്കാനും പാടിപ്പുകഴ്ത്താനും പാടുപെടുന്ന ,കായിക പ്രേമികളെന്ന് അവകാശപ്പെടുന്ന നമ്മൾ ഓരോരുത്തരും ഇന്ത്യൻ അത് ലറ്റിക്സിന്റെ ,കേരള അത് ലറ്റിക്സിന്റെ ഇന്നത്തെ ദുരവസ്ഥക്ക് ഉത്തരവാദികളാണ് .
……………………………………………………..
എഴുതിയത്
✍✍✍✍✍✍✍✍✍✍✍