സനാ മിർ – സ്പിൻ ബൗളിങ്ങിലെ പെൺ കരുത്ത്; പാകിസ്ഥാന്റെ ധീരയായ ക്യാപ്റ്റൻ
സ്വപ്നങ്ങൾ പിന്തുടരാൻ പ്രയാസമാണ്, ഒരു പക്ഷെ നമ്മളിലെ അഭിനിവേശം മാത്രമായിരിക്കും നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്.
കായികരംഗത്ത് അഭിനിവേശമുള്ള ഒരു സ്ത്രീ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക മാത്രമല്ല, ടീമിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വിവരണമാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന മിർ ന്റെ ജീവിതം.
സന മിർ, 1990 കളിൽ ക്രിക്കറ്റ് കളിച്ച എല്ലാ തെരുവിലും പെൺകുട്ടികൾക്ക് ഈ കായിക മത്സരം കളിക്കാമെന്ന് തെളിയിച്ചുകൊണ്ടാണ് യാത്ര തുടർന്നിരുന്നത്, പെൺകുട്ടികൾ ക്രിക്കറ്റിൽ പങ്കെടുക്കുന്നത് അത്ര സാധാരണമല്ലായിരുന്നതിനാൽ സനക്കു റോൾ മോഡലുകളൊന്നുമില്ലായിരുന്നു. അച്ഛൻ ഒരു ആർമി ഓഫീസർ ആയിരുന്നതിനാൽ അവർ കുറെ അധികം സ്ഥലങ്ങളിൽ താമസിക്കേണ്ടി വന്നു. എന്നാൽ ഈ അവസരങ്ങൾ മിർ ചങ്ങാതിമാരെ ഉണ്ടാക്കുന്നതിനും അതൊടുപ്പം തന്റെ ക്രിക്കറ്റ് കഴിവുകളെ പരിപോഷപ്പെടുത്തുന്നതിലും ശ്രദ്ധിച്ചു. ഗ്രാമീണ തെരുവുകളിലെ പൊടിപടലങ്ങൾ നിറഞ്ഞ ചെറു വഴികൾ മുതൽ ഗ്ലാമറസ് വനിതാ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഒരാൾ വരെയുള്ള മിർ യുടെ യാത്ര പാകിസ്താനിലെ മാത്രമല്ല ലോകമെമ്പാടുമുള്ള സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. കൂടാതെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അടക്കമുള്ള മറ്റു ഏഷ്യൻ രാജ്യങ്ങളും കായികരംഗത്ത് സ്ത്രീകളുടെ സംഭാവന പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള മാധ്യമപ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധി പേരിൽ ഒരാൾ കൂടിയാണ് സന മിർ.
ഏകദിനത്തിലെ ആദ്യ മത്സരം 2005 ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു, സനാ മിറിന്റെ ഏകദിന കരിയർ വളരെ ശക്തമാണ്, 2019 മെയ് മാസം ഐസിസി വനിതാ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സുനെ ലൂസിനെ പുറത്താക്കിയത്തോടെ സന മിർ, ലോകത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഏകദിന വനിതാ സ്പിന്നറായി. ഈ 33-കാരി തന്റെ 118-ാം മത്സരത്തിലാണ് 147 ഏകദിന വിക്കറ്റ് നേടി വെസ്റ്റ് ഇൻഡീസുകാരിയായ അനീസ മുഹമ്മദിനെ മറികടന്നത്. ഈ നിരയിൽ സന മിർ ന്റെ മുന്പിലുള്ളത് ഇന്ത്യയുടെ ജുലാൻ ഗോസ്വാമിയും (218), ഓസ്ട്രേലിയയുടെ കാത്റിൻ ഫിറ്റ്സ്പാട്രിക് (180) ഇംഗ്ലണ്ടിന്റെ കാതറിൻ ബ്രൂണ്ട് (148) എന്നി ഫാസ്റ്റ് ബൗളേഴ്സ് മാത്രമാണ്.
ആദ്യത്തെ വനിതാ ടീമിനെ പുറത്താക്കിയതിന് ശേഷം 2005 ൽ പിസിബി നിയന്ത്രണം ഏറ്റെടുത്ത ടീമിലെ ഒമ്പത് നവാഗതരിൽ ഒരാളായിരുന്നു മിർ. തന്റെ രണ്ടാം മത്സരത്തിൽ കറാച്ചിയിലെ ദേശീയ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മികച്ച കളിക്കാരിയായ മിതാലി രാജുമായി മുഖാമുഖം എത്തി. മിർന്റെ കഴിവ് തെളിയിക്കാനുള്ള അതിയായ ആഗ്രഹമായിരിക്കാം മിതാലി രാജിന്റെ പ്രതിരോധത്തെ ഭേദിച്ചു ഒരു ഇൻസ്വിങ് യോർക്കർ ലെഗ് സ്റ്റമ്പിൽ എത്തിയത്. ആ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാന്റെ പുതിയ കളിക്കാരെ തോൽപ്പിച്ചു. മിറിന്റെ ആത്മാർത്ഥയും എന്നാൽ വഴിതെറ്റിയുള്ള പരിശീലന സമ്പ്രദായവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. അത് മീറിനെ ദുർബലപ്പെടുത്തുന്ന പുറം വേദന എന്ന പ്രശ്നത്തിലേക്ക് നയിച്ചു. വൈദ്യപരിശോധനയിൽ വിദഗ്ധർ മീറിന് രണ്ട് ഉപദേശങ്ങൾ നിർദ്ദേശിച്ചു പക്ഷെ കളി ഉപേക്ഷിക്കുക എന്ന ആദ്യ ഉപദേശം മീർ നിരസിച്ചു.പകരം മീർ രണ്ടാമത്തെ ഉപദേശം അനുസരിച്ചു അത് ഓഫ്സ്പിനിലേക്ക് മാറുക എന്നതായിരുന്നു, പുറത്ത് കളിക്കാൻ സാധ്യമല്ലത് കാരണം വീടിനുള്ളിൽ തന്നെ പന്തെറിയുമായിരുന്നു.
ഇവിടെയാണ് ഉല്ലാസവതിയായ ഒരു ഫാസ്റ്റ് ബോളറുടെ കഥ അവസാനിക്കുന്നതും മറ്റൊന്ന് സമ്പന്നമായ സ്പിൻ ബോളറുടെ കഥ തുടങ്ങുന്നതും.
“ഞാൻ തെരുവ് ക്രിക്കറ്റിന്റെ ഉൽപ്പന്നമാണ്. ഞാൻ ഒരിക്കലും ഒരു അക്കാദമികളിലും പോയിട്ടില്ല. പക്ഷേ ക്യാപ്റ്റനാകാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. എന്നെക്കാൾ ഏഴ്, എട്ട് വയസ് പ്രായമുള്ള ആൺകുട്ടികളുമായി ഞാൻ തെരുവുകളിൽ കളിക്കുമ്പോഴും, ഞാൻ കളത്തിലിറങ്ങും ബൗളർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു, അത് കണ്ട് അവർ എന്നെ ക്യാപ്റ്റനാക്കുകയും ചെയ്തു” ക്യാപ്റ്റൻസിയെ പറ്റിയുള്ള സന മീറിന്റെ വാക്കുകളാണ്.
2007 ൽ ദേശീയ വനിതാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കറാച്ചിയെ നയിക്കാൻ സന മിർ തിരഞ്ഞെടുക്കപ്പെട്ടു. ഒരുകാലത്ത് ശക്തമായ ടീം പിഡബ്ല്യുസിസിഎ യുടെ ഭിന്നത മൂലം ദുര്ബലമായിരുന്നു. കൂടുതൽ മുതിർന്ന അംഗത്തെ ക്യാപ്റ്റനാക്കണമെന്ന് മിർ തുടക്കത്തിൽ വാദിച്ചു എങ്കിലും മാനേജ്മന്റ് അത് സമ്മതിച്ചില്ല എന്നു മാത്രമല്ല സന മിർ ഫൈനലിൽ ലാഹോറിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയത്തിലേക്ക് നയിച്ചപ്പോൾ അവർ ശരിയാണെന്നു സമര്ത്ഥിക്കുകയും ചെയ്തു.
അക്കാലത്ത് ദേശീയ ക്യാപ്റ്റനായ ഉറൂജ് മുംതാസ്, കൂടുതൽ പഠിക്കാൻ താല്പര്യം ഉള്ളതിനാൽ താൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നുവെന്നു പിസിബിക്ക് സൂചന നൽകി. നിരവധി കായിക ഇനങ്ങളിൽ മികവ് പുലർത്തിയ ഒരു വനിതയായിരുന്നു മുംതാസ്. പിസിബിക്ക് മുംതാസിനു ഒരു പിൻഗാമിയെ ആവശ്യമായി വന്നു, ക്യാപ്റ്റൻസി തന്റെ പ്രകടനങ്ങളെ ബാധിക്കാത്ത ഒരാൾ; കൂടാതെ കളിക്കാർ നേരിടുന്ന സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഒരു കളിക്കാരി. ആവശ്യമെന്നു കണ്ടാൽ സ്വയം രംഗത്ത് ഇറങ്ങാൻ ധൈര്യമുള്ള വനിത. ഇവയ്ക്കുള്ള ഉത്തരങ്ങൾ ചെന്ന് നിന്നത് ടാക്സിലയിലെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ച പെൺകുട്ടിയിൽ ആയിരുന്നു.
ഒരു ക്യാപ്റ്റൻ വിജയിക്കാൻ വേണ്ടി മാത്രമേ കളിക്കാവൂ…എന്നാൽ അത് നിങ്ങൾ ചെയേണ്ടത് നിങ്ങളുടെ കളിക്കാരിൽ ഏതെങ്കിലും ഒരാൾ നിങ്ങൾക്കായി കളി ജയിപ്പിച്ചു തരുമെന്ന് വിശ്വസിക്കേണ്ടതുണ്ട്.
2009 ലാണ് സന മിർ പാകിസ്ഥാന്റെ ക്യാപ്റ്റൻ ആകുന്നത്, അതിനു ശേഷം പാക്കിസ്ഥാൻ ടീമിന് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല, സന അവരെ ഒരു നല്ല യൂണിറ്റാക്കി മാറ്റി. മികച്ച പ്രകടനം നടത്തുന്ന ഒരു കളിക്കാരി എന്ന നിലയിൽ കളിക്കളത്തിൽ ഈ വനിത പ്രസിദ്ധിയാര്ജ്ജിച്ചു. സന മിർ 2017 വരെ പാകിസ്ഥാനെ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചു. അതിൽ 2010 ലും 2014 ലും ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലുകൾ നേടിയ ക്യാപ്റ്റനെന്ന നിലയിൽ വരും തലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്തു.
തുടക്കത്തിൽ ഒരു ഫാസ്റ്റ് ബൗളറായിരുന്നതിനാൽ വഖാർ യൂനിസ് ആണ് സന മിർ ന്റെ എക്കാലത്തെയും പ്രിയങ്കരനായ കളിക്കാരൻ എങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ഇമ്രാൻ ഖാൻ, മഹേല ജയവർധന, എം.എസ് ധോണി എന്നിവരാണ് മിർ നെ ഏറ്റവും പ്രചോദിപ്പിച്ച മറ്റു കളിക്കാർ.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ