ആ ഓർമകൾക്കിന്നു പതിമൂന്നു വയസ്സ്
ആ വിയോഗത്തിനിന്ന് പതിമൂന്നു വയസ്സ് !!. കണ്ണൂർ AR ക്യാമ്പ് മൈതാനത്തിൽ തുടങ്ങി ലക്കി സ്റ്റാർ ക്ലബിലൂടെ, കേരളാ പോലീസ് ടീമിലൂടെ മലയാളികളുടെ മനസ്സിലെത്തിയ നായകൻ വി. പി. സത്യൻ പല്ലവാരം സബർബൻ റെയിൽവേ ട്രാക്കിൽ ഓർമയായി മാറിയിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം !!.
ഒരുകാലത്തു കേരള ഫുടബോളിൻറെയും ഇന്ത്യൻ ഫുടബോളിന്റെയും പ്രതിരോധനിരയിലെ അവസാനവാക്കായിരുന്നു സത്യൻ. ഐ എം വിജയനും, യു. ഷറഫലിക്കും പാപ്പച്ചനുമൊപ്പം 1988 ൽ അഖിലേന്ത്യ പോലീസ് ഗെയിംസിൽ കേരള പോലീസിനെ ചാമ്പ്യന്മാരാക്കിയ സത്യൻ വളരെ വേഗം കേരള സന്തോഷ് ട്രോഫി ടീമിന്റെയും നായകനായി. 1992ൽ ശക്തരായ ഗോവയെ മൂന്നു ഗോളുകൾക്ക് തോൽപിച്ചു സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്കെത്തിച്ച സത്യൻ സന്തോഷ് ട്രോഫിക്കായുള്ള മലയാളികളുടെ നീണ്ട 19 വർഷത്തെ കാത്തിരിപ്പിനാണ് അറുതി വരുത്തിയത് !!.
സന്തോഷ് ട്രോഫി വിജയത്തിനു ശേഷം കൽക്കട്ട ഭീമന്മാരായ മോഹൻ ബഗാനുവേണ്ടിയാണ് സത്യൻ പന്തു തട്ടിയത്. ആ വർഷം ബഗാനെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കിയെങ്കിലും ഒരുപാടു കാലം കൽക്കട്ടയിൽ തുടരാൻ സത്യനു സാധിച്ചില്ല. തൊട്ടടുത്ത വർഷം വീണ്ടും കേരളാ പോലീസിലെത്തിയ സത്യൻ പിന്നീട് ഇന്ത്യൻ ബാങ്കിന്റെ ജേഴ്സിയണിഞ്ഞു. 2001 വരെ ബാങ്കിനുവേണ്ടി കളിച്ച അദ്ദേഹം പിന്നീട് ടീമിന്റെ പരിശീലകന്റെ കുപ്പായവുമണിഞ്ഞു.
ഇന്ത്യൻ ടീമിനുവേണ്ടിയും മികച്ച പ്രകടനമായിരുന്നു ഈ പ്രതിരോധനിരക്കാരൻ കാഴ്ച്ചവെച്ചത്. ഡിഫെൻസിൽ സത്യനുള്ളപ്പോൾ ഇന്ത്യൻ ഫോർവേഡുകൾക്ക് ഭയക്കാനൊന്നുമില്ലായിരുന്നു. അവർ ഗോളടിക്കാൻ മറന്നപ്പോളൊക്കെ പിൻനിരയിൽനിന്നും ആ ദൗത്യവും സത്യൻ ഏറ്റെടുത്തു. എൺപതു രാജ്യാന്തര മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യക്കായി ബൂട്ടു കെട്ടി. 1986 മെർദേക കപ്പിൽ കൊറിയക്കെതിരെ അദ്ദേഹം നേടിയ ആ ലോങ്ങ് റേഞ്ച് ഗോൾ, 93 നെഹ്‌റു കപ്പിൽ ടീം രണ്ടു ഗോളുകൾക്ക് പിറകിൽ നിൽക്കേ നേടിയ ഗോൾ !!, ഇവയെല്ലാം സത്യന്റെ പ്രതിഭ വിളിച്ചോതുന്നവയായിരുന്നു.
1991ലാണ് ഇന്ത്യൻ ടീമിന്റെ നായകവേഷം ആദ്യമായി സത്യനെ തേടിയെത്തിയത്. ഇരുപത്തഞ്ചോളം അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം നായകന്റെ ആം ബാൻഡ് ധരിച്ചു കളത്തിലിറങ്ങി. 1995ൽ സാഫ് ഗെയിംസ് സ്വർണമെഡൽ നേടിയതാണ് നായകനെന്ന നിലയിൽ സത്യന്റെ പ്രധാന നേട്ടം. കളിയിൽ നിന്നും വിരമിച്ച ശേഷം 2001ൽ ഇന്ത്യൻ ടീമിന്റെ ദക്ഷിണ കൊറിയൻ പര്യടനത്തിൽ സ്റ്റീഫൻ കോൺസ്റ്റൻടൈനു കീഴിൽ സഹ പരിശീലകനായും സത്യൻ സേവനമനുഷ്ഠിച്ചു.
ഒന്നര ദശാബ്ദത്തിലേറെ ഇന്ത്യൻ ഫുടബോളിന്റെ ഭാഗമായ സത്യനു പക്ഷേ അവഗണനകൾ മാത്രമായിരുന്നു കായിക ഭരണാധികാരികളുടെ ഭാഗത്തുനിന്നും ലഭിച്ചത്. 92ൽ മോഹൻ ബഗാനുവേണ്ടി കളിക്കാൻ കൊൽക്കൊത്തയിലേക്കു പോയതോടെ കേരളാ പൊലീസിലെ ഉദ്യോഗം നഷ്ടപ്പെട്ട സത്യനു പക്ഷേ അതിനു മുൻപേ ലഭിക്കേണ്ടിയിരുന്ന ഉദ്യോഗക്കയറ്റങ്ങൾ പലതും നഷ്ടപ്പെട്ടിരുന്നു. ഒടുവിൽ മുപ്പത്തിയഞ്ചാം വയസ്സിൽ നേടിയ ഒരു ബാങ്ക് ജോലി മാത്രമായിരുന്നു ആ കായിക ജീവിതത്തിന്റെ ബാക്കിപത്രം. ഐ എം വിജയനും, ജോപോൾ അഞ്ചേരിയുമടക്കം കൂടെക്കളിച്ചവരെ പുരസ്‌കാരങ്ങൾ തേടിയെത്തുമ്പോഴും ഒരു തവണപോലും സത്യൻ അർജുന അവാർഡിനായി പരിഗണിക്കപ്പെടുക പോലും ചെയ്തില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്.
മരിക്കുന്നെങ്കിൽ ഫുടബോൾ മൈതാനത്തുവെച്ചായിരിക്കണമെന്നായിരുന്നു സത്യന്റെ ആഗ്രഹം. പക്ഷേ പല്ലവാരത്തെ ചീറിപ്പായുന്ന സബർബൻ ട്രെയിനുകൾക്കിടയിൽവച്ചു
“രംഗബോധമില്ലാത്ത കോമാളിയെ പുൽകുമ്പോൾ ” ഒരുപാടു സ്വപ്‌നങ്ങൾ അദ്ദേഹം ബാക്കിയാക്കിയിരുന്നു. സത്യന്റെ മരണശേഷം ഭാര്യ അനിത സത്യൻ ആരംഭിച്ച സത്യൻ സോക്കർ സ്കൂൾ ആ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായായിരിക്കാം. നിരാശയുടെ ബാക്കിപത്രമായിരുന്നു സത്യന്റെ മരണമെങ്കിൽ പ്രതീക്ഷയുടെ പുൽനാമ്പാകട്ടെ ആ കായിക വിദ്യാലയം. ഒരുപാടു പുതിയ സത്യൻമാർ അവിടെ നിന്നും ഉയർന്നു വരട്ടെ. നമ്മുടെ ക്യാപ്റ്റന്റെ സ്വപ്‌നങ്ങൾ ഓരോന്നായി പൂർത്തീകരിക്കപ്പെടട്ടെ !!.