Editorial Foot Ball qatar worldcup Top News

ആഫ്രിക്കൻ ജൈവതാളം !!

November 24, 2022

author:

ആഫ്രിക്കൻ ജൈവതാളം !!

യോഗ്യരായ പല ആഫ്രിക്കൻ പരിശീലകരുണ്ടെങ്കിലും, യൂറോപ്യൻ – ലാറ്റിൻ പരിശീലകരെ വളരെയധികം ആശ്രയിക്കുന്നതായിരുന്നു എന്നും ആഫ്രിക്കയിലെ നാട്ടുനടപ്പ്. ഖത്തർ 2022 പക്ഷെ വിപ്ലവാത്മകാവുന്നത് അത്തരം ചട്ടങ്ങളൊക്കെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞു കൊണ്ടാണ്.
ഈ ലോകകപ്പിൽ പങ്കെടുക്കുന്ന 5 ആഫ്രിക്കൻ ടീമുകളുടെയും പരിശീലകർ ആഫ്രിക്കക്കാർ തന്നെയാണ്. ചരിത്രത്തിലാദ്യമായാണ് സ്വന്തം നാട്ടിലെ കോച്ചുമാരുടെ നേതൃത്വത്തിൽ ആഫ്രിക്കയിലെ മുഴുവൻ ടീമുകളുമെത്തുന്നത്.
മോറോക്കൻ ഗോർഡിയോളാ എന്നറിയപ്പെടുന്ന വാലിദ് രെഗ്രാഗുയ്, സെനഗലിലെ അലിയു സിസെ, കാമറൂണിന്റെ റിഗോബർട്ട് സോംഗ്, ഘാനയുടെ ഓട്ടോ അഡോ, ടുണീഷ്യയുടെ പരിചയസമ്പന്നനായ കോച്ച് ജലേൽ കദ്രി, എന്നിവർ ഒരുമിച്ചു ഖത്തറിൽ ആഫ്രിക്കൻ കാല്പന്തുകളി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വെക്കും. 2018 വരെ, ലോകകപപ്പ് കളിച്ച 43 ആഫ്രിക്കൻ ടീമുകളിൽ 12 ടീമുകളെ മാത്രമേ ഹോംഗ്രൗണ്ട് പരിശീലകർ നയിച്ചിട്ടുള്ളൂ.
2010 ലോകകപ്പിൽ , ആഫ്രിക്കയിൽ നിന്നും ആറ് ടീമുകൾ ഉണ്ടായിരുന്നപ്പോൾ, അൾജീരിയയെ മാത്രമാണ് സ്വദേശീയ പരിശീലകൻ നയിച്ചത്, 1998 ലോകകപ്പിൽ അഞ്ച് ആഫ്രിക്കൻ പ്രതിനിധികൾക്കും യൂറോപ്യന്മാരായിരുന്നു കോച്ച്.
ക്വാർട്ടർ ഫൈനലിൽ എത്തിയ മൂന്ന് ടീമുകളും – 1990 ൽ കാമറൂൺ, 2002 ൽ സെനഗൽ, 2010 ൽ ഘാന എന്നിവരെ പരിശീലിപ്പിച്ചത് യൂറോപ്യൻമാരായിരുന്നു. അതിനൊരപവാദം 2014 ൽ നോക്ക്-ഔട്ട്‌ റൗണ്ടിലെത്തിയ നൈജീരിയയും അവരുടെ സ്റ്റീഫൻ കേശിയും മാത്രമാണ്.
കാര്യങ്ങളുടെ യഥാർത്ഥ വശം വേറൊന്നാണ്. 1978-ൽ ലോകകപ്പിൽ ഒരു മത്സരം ജയിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി ടുണീഷ്യ മാറിയപ്പോൾ, അവരുടെ കോച്ച് ടുണീഷ്യയുടെ തന്നെ അബ്ദുൽമജിദ് ചെതാലി ആയിരുന്നു. കഴിഞ്ഞ രണ്ട് ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയതും ആഫ്രിക്കക്കാർ പരിശീലിപ്പിച്ച ടീമുകളാണ്, അതേസമയം കഴിഞ്ഞ ഏഴ് CAF ചാമ്പ്യൻസ് ലീഗ് വിജയിച്ച പരിശീലകരും ആഫ്രിക്കക്കാരായിരുന്നു. അത് കൊണ്ട് തന്നെ ആഫ്രിക്കയിൽ നിലവാരമുള്ള കാല്പന്തുപരിശീലകരുടെ കുറവില്ല എന്ന് സാരം. 2018 ലോകകപ്പിൽ അലിയോ സിസോയുടെ സെനഗലിന്റെ സുന്ദരമായ, കരുത്തുറ്റ കാല്പന്തുകളി നാം കണ്ടതാണ്. അന്ന് ഒരേ പോയിന്റ് നേടിയിട്ടും, കാർഡിന്റെ എണ്ണത്തിലവർ പുറത്തുപോയി. അന്നത്തെ 5 ടീമിൽ 3 ടീമിനെ പരിശീലിപ്പിച്ചത് അർജന്റീന, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു.
ഇത്തവണയും സെനഗൽ, അവരുടെ സാദിയോ മാനേ ഇല്ലാതിരുന്നിട്ടും കാട്ടിയ കോംപാക്ട് ഫുട്ബോളും, ടുണീഷ്യ പുറത്തെടുത്ത എനെർജറ്റിക് ഫുട്ബോളും വരാനിരിക്കുന്ന കൊടുംകാറ്റിനേ സൂചിപ്പിക്കുന്നുണ്ട്.
ഭൂഖണ്ഡത്തിന് പുറത്തുള്ള പരിശീലകർക്കുള്ള മുൻഗണന ദേശീയ ടീം തലത്തിലും ക്ലബ്ബ് തലത്തിലും ദശാബ്ദങ്ങളായി പതിവായിരുന്നു, എന്നാൽ ഇപ്പോൾ ഇത് അതിശക്തമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു പ്രവണതയായി മാറിവരുന്നു.
ആഫ്രിക്കൻ സംസ്കാരമറിയുന്ന, ആഫ്രിക്കൻ ശൈലിയുള്ള പരിശീലകർ വരട്ടെ, ലോകമവർ കീഴ്പ്പെടുത്തട്ടെ…ആഫ്രിക്കൻ ഫുട്ബോളെന്നാൽ പരിമിതമായ ബുദ്ധിയും തന്ത്രവുമുള്ള, അത്ലറ്റിക്, കഴിവ് മാത്രമുള്ള ശരീരങ്ങളായി പശ്ചാത്യർ ചിത്രീകരിക്കാറുണ്ട് വളരെക്കാലമായി നിലനിൽക്കുന്ന അജ്ഞതയുടെ ആഴത്തിലുള്ള ഒരു പ്രവാഹമാണ് അവ പ്രതിഫലിപ്പിക്കുന്നത്. ആഫ്രിക്കക്കാരോ ആഫ്രിക്കൻ വംശജരായ പുരുഷന്മാരോ ശക്തരും വേഗമേറിയവരും ഉയരമുള്ളവരുമാണ്, എന്നാൽ ബുദ്ധിശക്തി കുറവാണെന്ന ഹീനമായ സ്റ്റീരിയോടൈപ്പുകളുടെ ആവർത്തനം, അവരെ
മൃഗങ്ങളുമായി താരതമ്യപ്പെടുത്തുന്ന ആഴത്തിലുള്ള വംശീയതയാണത്. അതിനുമപ്പുറം ടാക്ടിക്കൽ ആയ, സുന്ദരമായ, എന്നാൽ കരുത്തും കാമ്പുമുള്ള കാല്പന്തുകളിയാണ് ആഫ്രിക്കയുടേത്. സിസേയും അഡോയും ജലിൽ കദ്രിയും റെരാഗ്രുയും, റിഗോബർട്ട് സോങ്ങും അതിന് ചാലു കീറി, വിത്ത് പാകും, കാലമതിന് വസന്തത്തെ സമ്മാനിക്കും. തീർച്ച.
@ഹരി കുമാർ സി
Leave a comment