ഇന്ത്യൻ ക്രിക്കറ്റിലെ പറക്കും ഫീൽഡർ അഥവാ മുഹമ്മദ് കൈഫ്
2000ൽ നടന്ന സെക്കൻഡ് എഡിഷൻ അണ്ടർ 19 ഐസിസി ടൂർണമെന്റിൽ ഇന്ത്യക്കുവേണ്ടി കപ്പുയർത്തിയ ക്യാപ്റ്റൻ “മുഹമ്മദ് കൈഫ് “എന്ന ക്രിക്കറ്റ് കളിക്കാരൻ അന്നത്തെ പത്രത്താളുകളിൽ മാധ്യമശ്രദ്ധ നേടിയ താരമായിരുന്നു.
കപിലിന്റെ ചെകുത്താന്മാർക്ക് ശേഷം ഐസിസി ലേബലിൽ ഒരു ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഈ അലഹാബാദ്കാരനെ ഇന്ത്യൻ ആരാധകർ നെഞ്ചോടു ചേർത്തിരുന്നു.
ഉത്തർപ്രദേശ് പ്രാദേശിക ടീമിനും റെയിൽവേ ടീമിനും കളിച്ചിരുന്ന മുഹമ്മദ് താരിഫിന്റെ മകനാണ് മുഹമ്മദ് കൈഫ് ,ജേഷ്ഠൻ മുഹമ്മദ് സൈഫും പ്രാദേശിക ടീമിൽ കളിച്ച കളിക്കാരനാണ്.അതിനാൽ ബാല്യത്തിൽതന്നെ ക്രിക്കറ്റിനോടുള്ള അഭിനിവേശംകൂടപ്പിറപ്പായിരുന്നു
ശ്രീലങ്കയിൽ നടന്ന 2 ആം അണ്ടർ 19 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യ ചാമ്പ്യന്മാരാകുമ്പോൾ മുഹമ്മദ് കൈഫ് ഇന്ത്യൻ ക്യാപ്റ്റനും യുവരാജ് സിംഗ് ആ ടൂർണമെന്റിലെ താരവുമായിരുന്നു.
20വയസ്സ് പ്രായമുള്ളപ്പോൾ തന്നെ ഇന്ത്യൻ ടീമിൽ ടെസ്റ്റ് കുപ്പായമണിയാൻ ഭാഗ്യം ലഭിച്ച കളിക്കാരനായിരുന്നു കൈഫ് .മാർച്ച് 2/2000ൽ സൗത്താഫ്രിക്കകെതിരെ ഇന്ത്യയുടെ 228 ആമത്തെ കളിക്കാരനായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു . ഇന്ത്യക്കുവേണ്ടി 13 ടെസ്റ്റുകൾ മാത്രം കളിച്ച കൈഫ്ന്റെ ഉയർന്ന സ്കോർ 148* ആയിരുന്നു.
2002 ഇംഗ്ലണ്ടിലെ ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോഡ്സിൽ വച്ച് നടന്ന നാറ്റ്‌വെസ്റ് സീരീസ് ഫൈനൽ കൈഫിന്റെ കരിയറിലെ സുവർണ തിളക്കമുള്ള ഇന്നിങ്സുകളിൽ ഒന്നാണ് .
വാങ്കഡെയിലെ ജേഴ്‌സി ഊരികറക്കിയ ഫ്‌ളിന്റോഫിന്റെ നെഞ്ചത്തേക് അടിച്ച ആണിക്കല്ലായിരുന്നു ഈ ഇന്നിംഗ്സ് .
ഒരു ജനതയുടെ ക്രിക്കറ്റ് ആവേശത്തിനേറ്റ
അഭിമാന ക്ഷതത്തിനുള്ള ചുട്ട മറുപടി കൂടിയായിരുന്നു ലോഡ്‌സിലെ മിന്നും പ്രകടനം .
ഇംഗ്ലണ്ട് ഉയർത്തിയ 325 റൺസ് എന്ന ബാലികേറാമല കീഴടക്കുമ്പോൾ ,കൈഫ് 75 ബോളിൽ നേടിയ 87 റൺസിന് മരതക മാണിക്യത്തിന്റെ വിലയായിരുന്നു.ദാദ ആർമിയിലെ മികച്ച പോരാളി കൂടിയായിരുന്നു പറക്കും മുഹമ്മദ് കൈഫ്.
കൈഫും കൂട്ടരും നേടിത്തന്ന ഈ വിജയം ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ആവേശം വിതറിയിരുന്നു.കൂടാതെ ദാദ യുടെ ക്യാപ്റ്റൻസിയിലെ പൊൻതൂവലായിരുന്നു.ഈ കളിയിൽ കൈഫ് മാൻ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി .
2002ൽ ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യ 111/5 റൺസ് എന്ന നിലയിൽ പരുങ്ങിയ സമയത്ത് ആറാമനായി ഇറങ്ങി 111 റൺസ് നേടി ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ച കൈഫിന്റെ ഇന്നിംഗ്സ് വിസ്മരിക്കരുത്.
ഇന്ത്യൻ ഫീൽഡിങ്ങിന് പുതിയ മാനം നൽകിയ കളിക്കാരൻ കൂടിയായിരുന്നു മുഹമ്മദ് കൈഫ് . അക്രോബാറ്റിക് ഡൈവും , വായുവിൽ പറന്നെടുക്കുന്ന ക്യാച്ചുകളും ഫീൽഡിൽ വ്യത്യസ്തനാക്കി. ചോരാത്ത കൈകളും കവർ ഫീൽഡിങ്ങിലെ ചടുലതയും ഫീൽഡിങ്ങിലെ വിശ്വസ്തൻ എന്ന ലേബൽ ചാർത്തിക്കൊടുത്തു.
ഇൻസൈഡ് ഫീൽഡിന് അകത്ത് കൈഫിന്റെ കൈകളിൽ എത്തിച്ചേരുന്ന പന്തുകളിൽ റൺസ് എടുക്കാൻ എതിർ ബാറ്റ്സ്മാൻമാർ ഒന്നു ഭയപ്പെട്ടിരുന്നു. കാരണം കൃത്യതയുള്ള ഡയറക്റ്റ് ത്രോയിലുടെ വിക്കറ്റ് തെറിപ്പിച്ചു റണ്ണൗട്ട് ആക്കാനുള്ള കൈഫിന്റെ മിടുക്ക് അതി ഗംഭീരമായിരുന്നു.
റിസ്റ്റ് ബാൻഡുമായി ഫീൽഡിൽ എത്തുന്ന തികച്ചും പോരാളിയായ ഫീൽഡർ .ഇന്ത്യൻ കളിക്കാരെ പന്തിന് പിറകേ ഓടാനും ജഴ്സിയിൽ മണ്ണ് പറ്റാനും പഠിപ്പിച്ച ആത്മാർഥ ഫീൽഡർ .ഫീൽഡിങ്ങിൽ 100% അർപ്പണബോധം എന്താണെന്ന് കാണിച്ചുതന്ന കളിക്കാരനാണ് കൈഫ്. കഴുകന്റെ കണ്ണുകളുമായി യുവിയുടെ കൂടെ പോയിന്റിലും കവറിലും പാറിപ്പറന്നു നടന്ന ഇന്ത്യൻ ഫീൽഡിങ്ങിലെ മിന്നും താരമായിരുന്നു മുഹമ്മദ് കൈഫ്.
ബാറ്റിംഗിൽ വന്നാൽ വിക്കറ്റിന് ഇടയിലുള്ള ഓട്ടത്തിലും കൈഫ് മികച് നിന്നിരുന്നു. അദ്ദേഹത്തിൻറെ ഡൈവിംഗ് റണൗട്ട് സേവുകൾ ഇന്നും മായാതെ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഉണ്ട് .
2003 വേൾഡ് കപ്പിൽ ശ്രീലങ്കക്കെതിരെ എടുത്ത് 4 ക്യാച്ചുകൾ വേൾഡ് കപ്പിൽ ഒരു കളിക്കാരൻ നേടുന്ന ഉയർന്ന ക്യാച്ചുകളുടെ എണ്ണത്തിൽ റെക്കോർഡ് ആണ്.
2004 പാക്കിസ്ഥാനെതിരെയുള്ള മാച്ചിൽ ഷോയിബ് മാലിക്കിനെ ഔട്ടാക്കാൻ ഹേമംഗ് ബദാനിയുമായി കൂട്ടിയിടിച്ച് എടുത്ത ക്യാച്ച് ഇന്നും ആരാധകരുടെ മനസ്സിലുണ്ട് .അവസരങ്ങൾ കിട്ടിയെങ്കിലും ടീമിന് വേണ്ടത്ര റൺറേറ്റ് ഉയർത്താൻ കഴിയാതെ പോയതും സ്ഥിരത ഇല്ലായ്മയും അദ്ദേഹത്തിൻറെ സ്ഥാനം ടീമിനു വെളിയിലായി .ഇന്ത്യക്കുവേണ്ടി 125 ഏകദിനങ്ങളിൽ കുപ്പായമണിഞ്ഞ് രണ്ട് സെഞ്ചുറികൾ അടക്കം 2753 റൺസ് 32 ശരാശരിയിൽ നേടിയിട്ടുണ്ട് .
തുടക്കത്തിൽ കാണിച്ച പ്രതിഭക്കൊത്തുള്ള പ്രകടനം പിന്നീട് തുടരാൻ കൈഫിന് കഴിഞ്ഞില്ല .ഒരുപാടു നല്ല കളികൾ കൈഫ് കൈവരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻറെ ഇന്നിംഗ്സിൽ സ്ട്രോക്ക് പ്ലേയ് കുറവായതുകൊണ്ട് എല്ലാവർക്കും ബാറ്റിംഗ് ഇഷ്ടപ്പെടണമെന്നില്ല.
ഇന്ന് ഇന്ത്യയുടെ 10 മികച്ച ഫീൽഡർ എടുത്തുകഴിഞ്ഞാൽ അതിലൊരാൾ മുഹമ്മദ് കൈഫ് ആയിരിക്കും ….
✍🏻മുജീബ്