മുഹമ്മദ് അസറുദ്ദിൻ – തൊണ്ണൂറകളിലെ സ്റ്റൈൽ മന്നൻ
എൺപതുകളുടെ അവസാനത്തിൽ നാഗമുള്ളകണ്ടി സലിം ക്കായുടെ വീട്ടിൽ പോയപ്പോഴാണ് മൂപ്പരും കൂട്ടുകാരൻ സുധിയും മുറ്റത്ത് 3 കോല് കുത്തി മടൽ ബാറ്റും ബോളും ഉപയോഗിച്ച് കളിക്കുന്നത് കണ്ടത്. കൈമടക്കാതെയുള്ള ഏറും പന്ത് അടിച്ചു അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതും ഫോർ ,സിക്സ് എന്നൊക്കെ ആവേശത്തോടെ വിളിച്ചു പറയുന്നതും സാകൂതം വീക്ഷിച്ചു അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന എന്നെയും അവർ കളിക്കാൻ കൂട്ടി . അന്നു മുതലാണ് ക്രിക്കറ്റ് ഒരു പ്രാന്തായി തലക്കു പിടിച്ചത്. പിന്നെ പിന്നെ പത്രത്തിലൂടെയും സ്പോർട്സ് സ്റ്റാർ പോലെയുള്ള മാഗസിനുകളിലൂടെയും ക്രിക്കറ്റ് കളിയെയും കളിക്കാരെയും ആഴത്തിൽ അടുത്തറിഞ്ഞു. പക്ഷേ അപ്പോഴും നാട്ടിലെ ചങ്ങായിമാർക്ക് ഫുട്ബോളിലും വോളിബോളിലുമൊക്കെയായിരുന്നു കമ്പം. റബ്ബർ പന്ത് ചുവരിലേക്കെറിഞ്ഞ് തിരിച്ചു വരുമ്പോൾ അടിച്ചു പറത്തിയും കുത്തി നിർത്തിയ സ്റ്റമ്പുകൾ എറിഞ്ഞു വീഴ്ത്തിയുമാണ് അന്ന് കൈത്തരിപ്പ് തീർത്തത്. ദീർഘ കാലത്തെ ശ്രമഫലമായി കുറച്ച്പേരെ ക്രിക്കറ്റിലേക്ക് ആകർഷിക്കാൻ സാധിച്ചു. പിന്നെ പകലന്തിയോളം കളി തന്നെ കളി. 90 കൾ പിന്നിട്ടപ്പോൾ കണ്ടംക്രിക്കറ്റിൽ ആൾ തിരക്കേറി.
ലാലേട്ടനെ പോലെ തോളും ചെരിച്ച് നടന്നിരുന്ന ഒരു കളിക്കാരൻ അന്നേ മനസ്സിൽ കയറിക്കൂടിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ. അദ്ദേഹത്തിന്റെ കഴുത്തില് ഉണ്ടായിരുന്ന മാല ഓലകൊണ്ടുണ്ടാക്കി കഴുത്തിലണിഞ്ഞു
എല്ലാരും കാണത്തക്ക രീതിയില് തൂക്കിയിട്ട് അസ്ഹറിനെ പോലെ ബാറ്റ് ചെയ്യാൻ ശ്രമിച്ചിരുന്ന ഒരു കാലം. റിസ്റ്റ് തിരിച്ച് പന്തിനെ ലെഗ് സൈഡിലേക്ക് തഴുകി വിടാൻ ശ്രമിക്കുമ്പോഴേക്കും ഡക ഡക ശബ്ദത്തോടെ സ്റ്റമ്പ് കടപുഴകി വീണിട്ടുണ്ടാകും. ഫീൽഡ് ചെയ്യുമ്പോഴാകട്ടെ അസ്ഹർ ചെയ്യാറുള്ളതു പോലെ തിരിഞ്ഞു നിന്ന് സ്റ്റമ്പ് എറിഞ്ഞു വീഴ്ത്തി സ്റ്റാറാകാനുള്ള പെടാപ്പാടാണ്. പക്ഷേ പണി പാളി പന്ത് ഓവർ ത്രോ ആകുമ്പോൾ ഇഞ്ചി കടിച്ച — നെ പോലെ എത്രയോ തവണ നിന്നിട്ടുണ്ട്.
1963 ഫെബ്രുവരി 8 ന് ഹൈദരാബാദിലാണ് അസ്ഹർ ജനിച്ചത്. 1981ൽ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ അദ്ദേഹം 1984 ഡിസംബറിൽ ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മാച്ചിലാണ് ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്.അരങ്ങേറ്റ ടെസ്റ്റില് തന്നെ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിനു വരാനിരിക്കുന്ന ഇടിമുഴക്കത്തിന്റെ മുന്നറിയിപ്പ് നല്കി. തുടർന്ന് നടന്ന 2 ടെസ്റ്റുകളിലും സെഞ്ചുറി നേടി വരവറിയിച്ച ആ അഞ്ചാം നമ്പർ ബാറ്റ്സ്മാനെ എതിരാളികൾ ഭയക്കാൻ തുടങ്ങി.ഇംഗ്ലീഷ് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ച് ഗ്രഹാം ഗൂച്ച് 333 റൺസടിച്ച ലോർഡ്സ് ടെസ്റ്റിൽ 111 പന്തിൽ നിന്ന് 121 റൺസ് നേടിയ അസ്ഹറുദ്ദീന്റെ മികച്ച ബാറ്റിംഗ് ഡിസ്പ്ലേ ഏറ്റവും മികച്ച ഇംഗ്ലീഷ് നിരൂപകരുടെ വരെ പ്രശംസ പിടിച്ചുപറ്റി.
ഇതിഹാസ താരങ്ങളായ ഗാവസ്കറും , കപില് ദേവും , സയ്യിദ് കിർമാനിയുമൊക്കെ അരങ്ങു വാണിരുന്ന ആ നാളുകളിൽ
കൃഷ്ണമാചാരി ശ്രീകാന്ത്, മൊഹീന്ദര് അമര്നാഥ് മദന്ലാല് തുടങ്ങിയ പരിചയസമ്പന്നരായ ക്രിക്കറ്റ് താരങ്ങളെയും കടത്തി വെട്ടി അസ്ഹര്ഉയര്ച്ചയുടെ പടവുകള് താണ്ടി.
ക്രീസിൽ നിന്ന നിൽപ്പിൽ നൃത്തം ചെയ്യുന്ന പോലെ പാദങ്ങള്ചലിപ്പിച്ചിരുന്ന അസ്ഹര് കൈക്കുഴ ചലനങ്ങളാൽ ബാറ്റിംഗ് അനായാസമാക്കി. കുത്തിത്തിരിഞ്ഞു വരുന്ന സ്പിൻ പന്തുകളെ നിലംപറ്റെ സ്വീപ്പ് ചെയ്ത് ഫൈൻ ലെഗിനും സ്ക്വയർലെഗിനും ഇടയിലൂടെ അതിർത്തി കടത്തിവിടുന്ന കാഴ്ച്ച എന്റെ പൊന്നോ, കണ്ടറിയുക തന്നെ വേണം.
1989 ൽ കൃഷ്ണമാചാരി ശ്രീകാന്തിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റി മറിച്ചു. 174 ഏകദിന മത്സരത്തിൽ 90 എണ്ണത്തിലും അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പിന്നീട് നമ്മുടെ ധോണിയാണ് ഈ റിക്കോർഡ് ഭേദിച്ചത്. 14 ടെസ്റ്റ് മത്സരങ്ങളും അസ്ഹറിനു കീഴിൽ ഇന്ത്യ ജയിച്ചിട്ടുണ്ട്.
1996 ൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനിടയിൽ, ഗുണനിലവാരമുള്ള അവരുടെ ബൗളിങ്ങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ച് വെറും 74 പന്തിൽ സെഞ്ചുറി തികച്ച അസ്ഹർ, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ ഇന്ത്യൻ കളിക്കാരൻ എന്ന കപിൽ ദേവിന്റെ റിക്കോർഡിനൊപ്പമെത്തി. ഫ്ലിക് ഷോട്ടുകളുടേയും ഹുക്ക് ഷോട്ടുകളുടെയും രാജകുമാരനായി അന്ന് ലോകം അസ്ഹറിനെ വാഴ്ത്തി.
100 ടെസ്റ്റുകൾ എന്ന നേട്ടത്തിനു തൊട്ടടുത്തെത്തിയ അവസരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതം തകിടം മറിഞ്ഞത്. സംഗീത ബിജ്ലാനിയുമായുള്ള വഴിവിട്ട ബന്ധം ഭാര്യ നൗറിനുമായുള്ള വേർപിരിയലിൽ കലാശിച്ചു. അതിനു പിന്നാലെ കോഴ വിവാദത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹാൻസി ക്രോണ്യേയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് ബി.സി.സി.ഐ അന്വേഷണം നടത്തി അസ്ഹറിനെ ആജീവനാന്തം വിലക്കി. ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷം പിന്നീട് ആന്ധ്ര ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും മുഹമ്മദ് അസ്ഹറുദ്ദിന് ക്രിക്കറ്റിൽ ഇനിയൊരു അങ്കത്തിന് ബാലമുണ്ടായിരുന്നില്ല.
ക്രിക്കറ്റിനു ശേഷം അസ്ഹറിന്റെ ഇപ്പോഴത്തെ ഇന്നിംഗ്സ് രാഷ്ട്രീയത്തിലാണ്. കോഴയിടപാടുകൾ കരിനിഴൽ വീഴ്ത്തിയെങ്കിലും അസ്ഹർ ഭായ് എന്ന ക്ലാസിക് ക്രിക്കറ്റർ ഇപ്പോഴും എന്നെപ്പോലെ അനേകായിരങ്ങളുടെ അഭിനിവേശമാണ്.
➖➖➖➖➖➖➖➖
✍ ഷാനവാസ്.ജെ.എം