ട്രാക്കിൽ ഇന്ത്യയുടെ ഹിമകണം
ഇന്ത്യൻ അത്ലറ്റിക്സിൽ ഇപ്പോൾ സംസാരവിഷയം ആസാമിലെ ദിങ് എന്ന പ്രദേശത്തെ നെൽവയലുകളാണ്. കാരണം അവിടെനിന്നാണ് ഇന്ത്യൻ കായികരംഗത്തെ പുതിയ വിസ്മയം ഹിമ ദാസ് ഉദിച്ചുയർന്നത്. ആ വയലുകളിൽ ആൺകുട്ടികളോടൊപ്പം പന്തു തട്ടിക്കളിച്ചിരുന്ന ഒരു മെലിഞ്ഞ പെൺകുട്ടി ഇന്ത്യൻ കായികപ്രേമികളുടെ ഹൃദയത്തിലേക്ക് അതിവേഗം ഓടിക്കയറുകയായിരുന്നു. പക്ഷേ ആ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല. ദുർഘടമായ പാതയിൽ ആത്മവിശ്വാസം കൈമുതലാക്കിയാണ് അവൾ സഞ്ചരിച്ചത് !!.
2018 ജൂലൈ പന്ത്രണ്ടിനാണ് ആസാമിലെ നാഗോൺ ജില്ലയിലെ ദിങ് എന്ന ചെറു ഗ്രാമത്തിൽ ജനിച്ച ഹിമ നമ്മുടെ അഭിമാനമായി മാറിയത്. ടാംപേരെയിൽ നടന്ന ലോക അണ്ടർ 20 അത്ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടി തുടങ്ങിയ ആ യാത്ര ഒരു വർഷം പിന്നിടുമ്പോൾ അവൾ ഒരുപാട് നേട്ടങ്ങൾ കൊയ്തു കഴിഞ്ഞു. അവളുടെ മെഡൽ നേട്ടങ്ങളിൽ ഭൂരിഭാഗവും ആ വിഭാഗങ്ങളിൽ ഇന്ത്യയുടെ ആദ്യത്തേതുകൂടി ആണെന്നോർക്കുമ്പോഴാണ് അവയുടെ തിളക്കം വർദ്ധിക്കുന്നത്.
ചെറുപ്പകാലത്തു ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുകയും ലോക്കൽ ടീമുകൾക്കുവേണ്ടി മുന്നേറ്റനിരയിൽ കളിക്കുകയും ചെയ്തിരുന്ന ഹിമയുടെ കരിയർ അത്ലറ്റിക്സിലേക്കു വഴി തിരിച്ചു വിട്ടത് കായികാധ്യാപകനായിരുന്ന നിപ്പോൺ ദാസ് ആയിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ട്രാക്കിലേക്കിറങ്ങിയ ഹിമ ആദ്യമായി പങ്കെടുത്തത് 2016ൽ നടന്ന ശിവസാഗർ അത്ലറ്റിക് മീറ്റിലായിരുന്നു. ആസാമിലെ ഒരു നിർധന കർഷക കുടുംബത്തിലെ അംഗമായിരുന്ന അവൾ പഴകിയ സ്പൈകുകളുമണിഞ്ഞാണ് അന്നു മീറ്റിനെത്തിയത്. 100, 200 മീറ്ററുകളിൽ വിജയിയായി അവിടെ നിന്നും മടങ്ങിയ അവൾ അവിടെനിന്നും ടാംപേരെയിലെത്താൻ എടുത്തത് വെറും രണ്ടു വർഷങ്ങൾ മാത്രമാണ്. ആ രണ്ടു വർഷങ്ങൾ പക്ഷേ നിശ്ചയ ദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ കൂടിയായിരുന്നു. സ്വന്തം ഗ്രാമത്തിൽ നിന്നും ആദ്യമായി വിട്ടുനിന്ന അവൾ ഗുവഹാത്തിയിലെത്തി. അവിടെ ഒരു ചോർന്നൊലിക്കുന്ന വീട്ടിൽ വാടകയ്ക്കു താമസിച്ചു പരിശീലനം തുടർന്നു. കാലുകളിൽ കരുത്തു നിറച്ച അവൾ പുതിയ ദൂരങ്ങൾ താണ്ടുവാൻ തുടങ്ങി.
ടാംപേരെയിൽ നേടിയ വിജയത്തിനു ശേഷം പിന്നീടവൾക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ വർഷം തന്നെ നടന്ന ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ റിലേയിലടക്കം ഒരു സ്വർണവും രണ്ടു വെള്ളിമെഡലുകളും ഹിമ സ്വന്തമാക്കി. ഇപ്പോഴിതാ വെറും ഇരുപതു ദിവസങ്ങൾക്കുള്ളിൽ യൂറോപ്പിലെ അഞ്ചു പ്രധാന അത്ലറ്റിക് മീറ്റുകളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കി ദിങ് എക്സ്പ്രസ്സ് കുതിക്കുകയാണ്. ഒരിക്കൽ പഴകിയ സ്‌പൈക്സുമണിഞ്ഞു മത്സരങ്ങളിൽ പങ്കെടുത്ത അവളുടെ കാലുകളിൽ ഇപ്പോൾ തനിക്കുവേണ്ടി അന്തർദേശീയ കമ്പനി പ്രത്യേകം തയ്യാറാക്കിയ സ്പൈക്കുകൾ തിളങ്ങുന്നു.
താൻ നേടുന്ന ഓരോ നേട്ടങ്ങളുടെയും പിറകിലുള്ള വിയർപ്പിന്റെ വില ഹിമയ്ക്കു നല്ല ബോധ്യമുണ്ട്. ടാംപേരെയിൽ പോഡിയത്തിൽ വീണ ആനന്ദാശ്രു അതിന്റ തെളിവാണ്. തന്റെ ജന്മനാടിനെ ജീവനോളം സ്നേഹിക്കുന്നു ഹിമ. പ്രളയത്തിൽ മുങ്ങിയ ആസ്സാമിനു വേണ്ടി തന്റെ പ്രതിഫലത്തുകയുടെ പകുതിയും നൽകുവാൻ അവൾക്കു രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വരാതിരുന്നതും അതിനാലാണ്.
ആസ്സാമിന്റെ ബ്രാൻഡ് അംബാസഡറാണിന്നു ഹിമ. “എനിക്കനുഭവപ്പെടുന്ന ” എന്നർത്ഥമുള്ള “മോൻ ജൈ ” എന്ന് ആസാമീസ് വാക്കിനോടവൾക്കൊരു പ്രത്യേക ഇഷ്ടമാണ്. ആ വാക്കവൾ അവളുടെ പേരിന്റെ ഭാഗമായി കൂടെ കൊണ്ടു നടക്കുന്നു. തന്റെ ജനതയെയും അവരുടെ വികാരങ്ങളെയും ചുമലിലേറ്റി ട്രാക്കുകളിൽ ഹിമ കുതിക്കുമ്പോൾ ഇന്ത്യ മുഴുവൻ പഴയൊരു സ്വപ്നം വീണ്ടും പൊടി തട്ടിയെടുക്കുകയാണ്. വർഷങ്ങൾക്കു മുൻപ് 1984 ൽ ലോസ് ഏൻജൽസിൽ സെക്കന്റിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ ഒരു പയ്യോളിക്കാരിക്കു നഷ്ടമായ ആ ചരിത്രനേട്ടം 2020ൽ ടോക്യോയിൽ കൂടുതൽ മികവോടെ സ്വന്തമാക്കുവാൻ ഹിമയ്ക്കു കഴിയുമോ?. ആഗ്രഹിച്ചു പോവുകയാണ്….