ജന്മദിനാശംസകൾ പ്രിയ വോൾകാനോ !!
ഒലിവർ കാൻ….
പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്കോടിവരുന്നൊരു ചിത്രമുണ്ട്. 2002 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ പരാജയം രുചിച്ചു യോക്കോഹാമ സ്റ്റേഡിയത്തിന്റെ ഗോൾപോസ്റ്റിൽ ചാരിയിരിക്കുന്നൊരു സ്വർണ മുടിക്കാരൻ. ചാമ്പ്യന്മാരായ ബ്രസീൽ ടീമിന്റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകണ്ണുകൾ ചിലപ്പോഴൊക്കെ അയാളിലേക്കും തിരിഞ്ഞു, ഫ്ലാഷിൽ നിന്നുയർന്ന വെള്ളിവെളിച്ചം അയാളുടെ നിറഞ്ഞ കണ്ണുകളിൽ തട്ടി പ്രതിഫലിച്ചു. പിറ്റേ ദിവസം ലോകമെമ്പാടുമുള്ള പത്ര മാധ്യമങ്ങൾ ആ ചിത്രത്തിന് അടിക്കുറിപ്പെഴുതി, “വീണുപോയവൻ”.
ഒലിവർ കാൻ എന്ന ഫുട്‍ബോളറുടെ കരിയർ ഒറ്റവാക്കിൽ വിശേഷിപ്പിക്കപ്പെടുന്നതും അങ്ങനെ തന്നെയാണ്, പല നിർണായക മത്സരങ്ങളിലും പരാജിതന്റെ മുഖംമൂടിയണിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ലോകകപ്പ് ഫൈനലിൽ റൊണാൾഡോ എന്ന ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറുടെ മികവിനു മുന്നിൽ അടിപതറിയത്, ക്യാമ്പ് നുവിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് ഒരു ഗോളിനു മുന്നിൽ നിൽക്കെ ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ വഴങ്ങി ചാമ്പ്യൻസ് ലീഗ് കിരീടം കൈവിട്ടത് ഇവയൊക്കെ ഈ വിശേഷണം ശരിവയ്ക്കുന്നതായിരുന്നു.
കായികരംഗത്തു പ്രശസ്തി എന്നത് ഇരുതലമൂർച്ചയുള്ളൊരു വാളാണ്. ചെറിയൊരു പിഴവു മതി അത്രയും കാലത്തെ മികച്ച പ്രകടനങ്ങൾ വിസ്മരിക്കപ്പെടാൻ, ശരാശരിയിലും താഴെയുള്ളൊരു ജർമൻ സംഘത്തെ ലോകകപ്പിന്റെ കലാശപോരാട്ടത്തിനു യോഗ്യത നേടിക്കൊടുക്കുന്നതിൽ കാന്റെ കൈകൾ വഹിച്ച പങ്കു ചില്ലറയല്ല. ഗ്രൂപ്പ ഘട്ടത്തിൽ രണ്ടും നോക്കോട്ട് ഘട്ടത്തിൽ മൂന്നും ക്ലീൻഷീറ്റുകൾ നേടിക്കൊണ്ട് ജർമൻ പ്രതിരോധതിന്റെ അവസാനവാക്കായി കാൻ നിലകൊണ്ടു. ഒരു ഗോളടിക്കാൻ സാധിച്ചാൽ നമ്മൾ ജയിച്ചു എന്നു ജർമൻ ആരാധകരെ വിശ്വസിപ്പിച്ചത് ക്രോസ്സ് ബാറിനു കീഴിലെ കാന്റെ സാന്നിധ്യമായിരുന്നു. ഫൈനലിലെ നിർണായക പിഴവിന് ശേഷവും തനിക്കേറ്റവും പ്രിയമുള്ള 1-0 സ്കോർലൈൻ പോലെ എതിരാളികളില്ലാതെ ജർമൻ ജനതയുടെ പ്രിയപ്പെട്ടവനാകുവാൻ അയാൾക്ക് സാധിച്ചതും അതുകൊണ്ടു തന്നെ.
ഒലിവർ കാൻ എന്ന പ്രതിഭയെ വാർത്തെടുക്കുന്നതിൽ ബയേണിനും വ്യക്തമായ പങ്കുണ്ടായിരുന്നു. ജർമനിയിലെ കാര്ലസ്റൂഹിർ ക്ലബ്ബിനുവേണ്ടി 1987ൽ സീനിയർ ടീം അരങ്ങേറ്റം കുറിച്ച കാൻ 1993-94 സീസണിലാണ് ബയേണിന്റെ കണ്ണിൽ പെടുന്നത്. സീസണിലെ യുവേഫ കപ്പിൽ PSV, വലെന്സീയ തുടങ്ങിയ വമ്പന്മാരെ തകർത്ത കാര്ലസ്റൂഹിറിന്റെ ഗോൾവല കാവൽക്കാരനെ ബയേൺ സ്വന്തം തട്ടകത്തിലെത്തിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച അവസരം നൽകിയ ബയേണിനോടുള്ള കടപ്പാടായിരുന്നു പിന്നീടുള്ള അയാളുടെ ക്ളബ് ജീവിതം.
വോൾകാനോ എന്നായിരുന്നു ആരാധകർ കാനെ വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും പിറകിൽ നിന്നു കളി നിയന്ത്രിക്കാനുള്ള പാടവവും, തൊണ്ണൂറു മിനുട്ടും ടീമിനു മുഴുവൻ ഉത്തേജനമേകുന്ന ഊർജസ്വലതയും അയാളെ അങ്ങനെ വിളിക്കാൻ അവരെ പ്രേരിപ്പിച്ചു. 99 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചെസ്റ്ററിനോടേറ്റ പരാജയത്തിനു ശേഷം ആ പ്രതിഭയുടെ വിസ്ഫോടനം നാം കണ്ടത് 2001ൽ ആണ്. സാൻസിറോയിൽ സെവില്ലക്കെതിരെ ഷൂട്ട്ഔട്ടിൽ മൂന്നു കിക്കുകൾ തടുത്തിട്ട കാൻ കലി തീർത്തപ്പോൾ അദ്ദേഹത്തോടൊപ്പം എണ്പത്തിനായിരത്തോളം വരുന്ന കാണികളും അക്ഷരാത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
“ടൈറ്റാൻ” എന്നൊരു വിളിപ്പേരുകൂടിയുണ്ട കാന്. ബയേൺ മ്യൂണിക് ക്ലബ്ബിനുവേണ്ടി രണ്ടു ദശാബ്ദം അയാൾ ഗോൾവല കാത്തു. എതിരാളികളുടെ ആക്രമണങ്ങളിൽ പലപ്പോഴും ബയേൺ പ്രതിരോധം ആടിയുലഞ്ഞപ്പോൾ ആരാധകരുടെ പ്രാർത്ഥനകൾക്കു വിളികേൾക്കുന്ന കാവൽ ദൈവമായി കാൻ. ഈ കാലയളവിൽ ബയേൺ നേടിയ എട്ടു ബുണ്ടസ് ലീഗ കിരീടങ്ങളിലും ആറു DFB Pokals കപ്പുകളിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിലും ബൊക്ക ജൂനിയേഴ്സിനെ പരാജയപ്പെടുത്തി 2001ൽ നേടിയ ഇന്റർകോണ്ടിനെന്റൽ കപ്പിലും ഈ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞിരുന്നു. പ്രശസ്തിയുടെ ഔന്നത്യത്തിലെത്തി നിൽകുമ്പോൾ സാക്ഷാൽ അലക്സ് ഫെർഗുസൻറെ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള ക്ഷണം ബഹുമാനപൂർവ്വം നിരസിച്ചപ്പോൾ അയാൾ ആദ്യം മനസ്സിലോർത്തതും മ്യൂണിക്കിൽ തനിക്കായി ആർത്തു വിളിക്കുന്ന പതിനായിരങ്ങളെയായിരിക്കാം.
ലോകഫുട്ബോളിലെ പല സമവാക്യങ്ങളെയും തിരുത്തിയെഴുതാൻ കാനു കഴിഞ്ഞു. 2002 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണപന്ത് ഏറ്റുവാങ്ങുമ്പോൾ ആ ബഹുമതിക്കര്ഹനാകുന്ന ആദ്യത്തെ മാത്രം ഗോൾകീപ്പർ ആയി ആ ആറടിക്കാരൻ. 2000 യൂറോകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജർമനിയുടെ നായകസ്ഥാനം ഒലിവർ ബിയറോഫിൽ നിന്നും ഏറ്റുവാങ്ങി രണ്ടു വർഷങ്ങൾക്കുള്ളിൽ അവരെ ലോകഫുട്ബോൾ മാമാങ്കത്തിന്റെ അവസാനകടമ്പവരെ എത്തിക്കാൻ കാനിലെ നായകനു കഴിഞ്ഞു. ജർമൻ ഫുട്ബോളിന്റെ കാവൽദൈവം എന്ന വിശേഷണം അടിവരായിട്ടുറപ്പിക്കുകയായിരുന്നു അയാളവിടെ.
2006 ലോകകപ്പിൽ ജർമൻ സംഘത്തിലെ ഒന്നാം നമ്പർ കുപ്പായം യെൻസ് ലെഹ്മാന് നൽകിയ അദ്ദേഹം പതിയെ ചരിത്രത്തിലേക്ക് തിരിഞ്ഞു നടന്നു തുടങ്ങി. 2008നു ശേഷം വിരമിച്ച അദ്ദേഹത്തെ തേടി ബൊറൂസിയ ഡോർട്മുണ്ട് ടീമിന്റെ പരീശിലകസ്ഥാനം എത്തിയെങ്കിലും അദ്ദേഹം അതിനോട് മുഖം തിരിച്ചു. ഇരുപതു വർഷം തന്റെ സഹചാരിയായിരുന്ന ബയേൺ മ്യൂണിക്കിനു വേണ്ടിയല്ലാതെ തന്റെ ശരീരം മാത്രമല്ല തലച്ചോറും പ്രവർത്തിക്കില്ലെന്ന തിരിച്ചറിവായിരിക്കാം കാനെ അതിനു പ്രേരിപ്പിച്ചത്. ഇപ്പോൾ ബയേൺ മ്യൂണിക്കിന്റെ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നു എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ജർമനിയെ കൈപിടിച്ചുയർത്തിയ അവരുടെ തളരാത്ത അഗ്നിപർവതത്തിന് ജന്മദിനാശംസകൾ !!.