Cricket cricket worldcup Editorial

തിരനോട്ടം – 1987 ലോകകപ്പ്

May 28, 2019

author:

തിരനോട്ടം – 1987 ലോകകപ്പ്

ഇന്നത്തെ ഏകദിന ക്രിക്കറ്റിന്റെ രൂപം ശരിക്കും തുടങ്ങുന്നത് ഈ നാലാം ലോകകപ്പോടെയാണ്. അതു വരെ 60 ഓവറായിരുന്ന മത്സരങ്ങൾ 50 ഓവറാക്കി ചുരുക്കി.ഇംഗ്ലണ്ടിന് പുറത്തു നടന്ന ആദ്യ ലോകകപ്പ്.ഇന്ത്യയും പാക്കിസ്ഥാനും ആഥിത്യം വഹിക്കുന്നു. “പ്രുഡെൻഷ്യൽ” എന്ന പേരിനു പകരം “റിലയൻസ്” എന്ന പുതിയൊരു സ്പോൺസർ വരുന്നു.ഓസ്ട്രേലിയ എന്ന പുതിയ ചാമ്പ്യൻമാരുടെ വരവ്.. എല്ലാം കൊണ്ടും നാലാം ലോകകപ്പിന് അവകാശപ്പെടാൻ പുതുമകളേറെ ഉണ്ടായിരുന്നു.മുൻ ലോകകപ്പിന് സമാനമായ ടീമുകളും മത്സരക്രമങ്ങളുമായിരുന്നു ഇക്കുറിയും അരങ്ങേറിയത്.

ഓസീസിന്റെജയസാധ്യത പരിഗണിക്കപ്പെടുമ്പോൾ ഞങ്ങൾ അന്യന്മാരായിരുന്നു എന്ന് വർഷങ്ങൾക്ക് ശേഷം സ്റ്റീവ് വോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1983-നു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് മുന്നോട്ട് പോയിരുന്നു.ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ഫൈനൽ ഉൾപ്പെടെ ധാരാളം വിജയങ്ങൾ, അതിലുപരി പൊതുവിൽ ടീമിനുണ്ടായ വളർച്ച.ഇന്ത്യ തന്നെയായിരുന്നു സാധ്യതാ പട്ടികയിൽ മുന്നിൽ.Bഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഇന്ത്യയും ഓസീസും 6 കളിയിൽ 5 വിജയങ്ങളുമായി 20 പോയിന്റോടെ സെമിയിൽ കടന്നു.. ഇന്ത്യ പരാജയപ്പെട്ട ആ ഒരു മത്സരം , ഒരു റണ്ണിന് ഓസീസിനോടും ( അടുത്ത കളിയിൽ [15th Match] 56 റൺസിന് ഇന്ത്യ പകരം വീട്ടി). മറ്റുള്ള അഞ്ച് മത്സരങ്ങളിലും ഇന്ത്യ ഏകപക്ഷീയമായ വിജയങ്ങളാണ് നേടിയിരുന്നതും.ഓസീസാകട്ടെ തലനാരിഴയ്ക്ക് പരാജയത്തിൽ നിന്നും വിജയം തട്ടിപ്പറിക്കുന്ന കാഴ്ചയാണ് ഗ്രൂപ്പ് ഘട്ടം വരെ കണ്ടത് (ഫൈനലിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു).
ഏഷ്യൻ സാഹചര്യങ്ങളിൽ പാക്കിസ്ഥാന്റെ സ്വാധീനങ്ങളേയും കുറച്ചുകാണാനാവില്ല. വിൻഡീസ് എന്ന ശക്തിയേയും അവഗണിക്കാനാകില്ല. ഇതൊക്കെ മറികടക്കാവുന്ന പ്രഭാവം അലൻ ബോഡറുടെ ഓസീസിൽ കണ്ടെത്താനും പ്രയാസമായിരുന്നു.
Aഗ്രൂപ്പിൽ പാക്കിസ്ഥാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോൾ ശ്രീലങ്ക കളിച്ച 6 കളികളും തോറ്റു മടങ്ങി.B ഗ്രൂപ്പിൽ സിംബാബ്വേയ്ക്കും 6 കളികളും തോൽക്കാനായിരുന്നു വിധി.

പാക്കിസ്ഥാനും ശ്രീലങ്കയുമായി ഹൈദരാബാദിൽ ഉത്ഘാടന മത്സരം തുടങ്ങുന്നു…… പാക്കിസ്ഥാന്റെ ബാറ്റിംഗ്, ജാവേദ് മിയാൻദാദിന്റെ സെഞ്ചുറിയും റമീസ് രാജയുടെ അർധ സെഞ്ചുറിയോടെയുള്ള ഗംഭീര പ്രകടനം അവരെ 267 എന്ന ടോട്ടലിലെത്തിച്ചു.ഈ ലക്ഷ്യം മറികടക്കാനുള്ള വലിപ്പമൊന്നും അന്ന് ലങ്കയ്ക്കുണ്ടായിരുന്നില്ല. റോഷൻ മഹാനാമയുടെ മികച്ച ഇന്നിംഗ്സും അരവിന്ദ ഡിസിൽവയുടേയും അശാങ്ക ഗുരുസിൻഹയുടെയും വെടിക്കെട്ടും ചേർന്നപ്പോൾ മത്സരം അട്ടിമറിയുടെ വക്കോളമെത്തി. കഷ്ടിച്ച് 15 റണ്ണുകൾക്ക് പാക്കിസ്ഥാൻ തോൽവിയിൽ നിന്നും രക്ഷപ്പെട്ടു.
മറ്റൊരു ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ , ചെന്നൈയിൽ ഓസീസിനെതിരെ ഇന്ത്യക്കുയുടെ മത്സരം നടക്കുന്നു. ശരിക്കും ഒരു ക്ലോസ് എൻകൗണ്ടർ.ഓസീസിന്റെ 270 റണ്ണുകൾ പിൻതുടർന്ന് ഇന്ത്യ ഒരു റണ്ണിനു പരാജയപ്പെട്ടു.ജെഫ് മാർഷിന്റ സെഞ്ചുറി (110) യും ഡേവിഡ് ബൂണിന്റെ 49 റൺസുമായിരുന്നു ഓസീസ് ഇന്നിംഗ്സിന്റെ ആകർഷണം.
ശ്രീകാന്തിന്റെ 70 യും ഗവാസ്കറിന്റെയും 30+ തുടക്കം കണ്ടപ്പോൾ അനായാസം ഇന്ത്യ ജയിക്കുമെന്ന് തോന്നിച്ചു.
നവജ്യോത് സിംഗ് സിദ്ധുവിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിനമത്സരം കൂടിയായിരുന്നു ഇത്.’ഡാൻസിങ് സിദ്ധു’ എന്ന പേര് അന്നേ അന്വർത്ഥമായിരുന്നു. പീറ്റർ ടെയ്ലർ എന്ന സ്പിന്നറുടെ ബൗളിംഗ് സ്പെൽ അഞ്ചിൽ നിർത്താൻ ബോർഡറെ പ്രേരിപ്പിച്ചത് സിദ്ധുവിന്റെ പരാക്രമങ്ങളായിരുന്നു. ക്രീസ് വിട്ട് പുറത്തിറങ്ങിയാൽ സിക്സർ ഉറപ്പ്.ക്രെയ്ഗ് മക്ഡർമോട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്ത് പോകുന്നതിന് മുമ്പ് സിദ്ധു അഞ്ച് സിക്സുകളും നാലു ബൗണ്ടറികളുമടക്കം 73 റണ്ണുകൾ നേടിയിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് മൂന്ന് മത്സരങ്ങളിൽ കൂടി അർദ്ധ സെഞ്ചുറികൾ. ഒന്നിനു പുറകെ ഒന്നായി. കിവീസിനും സിംബ്ബാബ് വേയ്ക്കുമെതിരെ ഓരോ മത്സരങ്ങളിൽ അവസരം കിട്ടാതിരുന്നതിനാലാണ് നേട്ടം നാലിൽ ഒതുങ്ങിയത്.അരങ്ങേറ്റ മത്സരം മുതൽ തുടർച്ചയായ് നാല് മത്സരങ്ങളിലെ അദ്ധ സെഞ്ചുറികൾ സിദ്ധുവിനുണ്ടാക്കിയ ആരാധകരുടെ നിര ചെറുതൊന്നുമായിരുന്നില്ല അക്കാലത്ത്.ഈ ടൂർണമെൻറിൽ കൂടുതൽ സിക്സറടിച്ചതും ഇദ്ദേഹമായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം…. 232/5 എന്ന നിലയിൽ നിന്നാണ് ഒരു ബോൾ ബാക്കി നിൽക്കേ ഒരു റണ്ണിന് ഇന്ത്യ പരാജയപ്പെട്ടത്. കിരൺ മുറെ 12 റണ്ണുകളുമായ് കീഴടങ്ങാതെ നിന്നപ്പോൾ റോജർ ബിന്നിയും മനോജ് പ്രഭാകറും റണ്ണൗട്ടിലൂടെ സ്വയം കീഴടങ്ങി.മണീന്ദർ സിംഗിനെ ബൗൾഡാക്കികൊണ്ട് ഓസീസ് അത്ഭുത വിജയ തുടക്കത്തോടെ അത്ഭുതകപ്പിലേക്കുള്ള അത്ഭുത പ്രയാണവും തുടങ്ങി…
സെമി ഫൈനൽ വരെ ഏകപക്ഷീയമായാണ് കപിൽ ദേവിന്റെ ടീം മുന്നേറിയത്.രണ്ടാമതും ലോകകപ്പിൽ മുത്തമിടാനുള്ള എല്ലാ സാധ്യതയും ഒത്തുവന്നു. നാഗ്പൂരിൽ കിവീസിനെതിരെ ചേതൻ ശർമയുടെ ഹാട്രിക് ( ലോകകപ്പിൽ ആദ്യത്തേത്).ജയിക്കാൻ വേണ്ട 222 റണ്ണുകൾ വെറും 32 ഓവറിൽ അടിച്ചെടുത്തത് സുനിൽ ഗവാസ്കറിന്റെ മാസ്മരിക പ്രകടനവും. ഗവാസ്കറിന്റെ കരിയറിലെ ഒരേയൊരു ഏകദിന സെഞ്ചുറി. 88 പന്തിൽ 103 റൺസുകൾ നേടിയ ഇന്നിങ്ങ്സ് കളിക്കുമ്പോൾ അദ്ദേഹം നൂറിനു മുകളിൽ താപനിലയുമായി പനിച്ചു വിറയ്ക്കുകയായിരുന്നുവത്രേ! ലാഹോറിൽ പാക്കിനെതിരെ ഒരു സെമി ഫൈനൽ സാധ്യത ഉണ്ടായിരുന്നത് ഒഴിവാക്കാനാണ് അന്ന് തകർത്തടിച്ച് ജയിച്ചത്.അത് ഒഴിവാകുകയും ചെയ്തു. പക്ഷേ അപകടം പതിയിരുന്നത് അപ്രതീക്ഷിത രൂപത്തിലായിരുന്നു.

ഇംഗ്ലണ്ടുമായി വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ , സെമിഫൈനലിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെ മറികടക്കുക എന്നത് അന്നത്തെ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടല്ല.എന്നാൽ കൃത്യമായ ഹോം വർക്കുകളുമായാണ് ഇംഗ്ലണ്ട് എത്തിയത്.ഇന്ത്യൻ സ്പിന്നർമാർക്കെതിരെ സ്വീപ് ഷോട്ട് ആയുധമാക്കി ഗ്രഹാം ഗൂച്ച് (115)നിറഞ്ഞാടി. ഗാറ്റിങ്ങിന്റയും (56) ലാംബിന്റെയും സംഭാവനകളും ചേർന്നപ്പോൾ സ്കോർ 250 കടന്നു.മുൻ മത്സരത്തിലെ നായകൻ ഗാവസ്ക്കറെ ഒരു മനോഹര ഇൻസ്റ്റിങ്ങർ കൊണ്ട് കബളിപ്പിച്ച് ഫിലിപ്പ് ഡിഫ്രെയ്റ്റസ് ആദ്യ പ്രഹരമേൽപ്പിച്ചു. ബാറ്റിംഗ് നിരയിൽ ഒമ്പതാമനായി ഇറങ്ങുന്ന മനോജ് പ്രഭാകർ വരെയുള്ളവരുടെ മികവിനു മുന്നിൽ ലക്ഷ്യം അത്ര വലുതായിരുന്നില്ല. മുഹമ്മദ് അസ്ഹറുദ്ദീന്റെ (64) മികച്ച ഇന്നിംഗ്സും കപിലിന്റെ സ്വത:സിദ്ധ ശൈലിയും ചേർന്ന് സ്കോർ 4/168-ൽ നിൽക്കുമ്പോഴാണ് തകർച്ച തുടങ്ങിയത്. മിഡ് വിക്കറ്റ് ബൗണ്ടറിയിൽ മൈക്ക് ഗാറ്റിംഗ് ചെന്നുനിന്നത് ഒരു കെണിയുമായിട്ടാണ്.എഡ്ഡീ ഹെമിങ്ങ്സിന്റെ (4/52)ക്ഷണം സ്വീകരിച്ച് കപിൽ പന്ത് ഉയർത്തിയടിച്ചു. നേരെ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ കൈകളിലേക്ക്.14 റണ്ണുകൾക്കിടെ അവസാന അഞ്ചു വിക്കറ്റുകൾ കളഞ്ഞു കൊണ്ട് ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്നു. ഈ ലോകകപ്പിലെ ഒരേയൊരു അലസത.. പക്ഷേ അതിന്റെ വില വളരെ വലുതായിരുന്നു……….

പാക്കിസ്ഥാനിലെ ലാഹോറിലെ സെമി ഫൈനലിലൂടെ രണ്ടാം ഏഷ്യൻ പ്രതിനിധ്യവും പുറത്തു പോയി .സാഹചര്യങ്ങൾ ഏതാണ്ട് ബോംബയിലേത് പോലെ തന്നെ.268 എന്ന ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ മിയാൻദാദിന്റെയും (70) ഇമ്രാൻ ഖാന്റെയും (58) അർദ്ധ സെഞ്ചുറികളുടെ ബലത്തിൽ 3 വിക്കറ്റുകൾക്ക് 150 എന്ന നിലയിലായിരുന്നു. ക്രെയ്ഗ് മക്ടർമോട്ടിന്റെ (5/44) തീ പാറുന്ന പന്തുകൾ എല്ലാം തകിടം മറിച്ചു.18 റൺ അകലെ പാക്കിസ്ഥാന്റെ ഫൈനൽ സ്വപ്നവും പൊലിഞ്ഞു. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നമെന്നത് അതിന്റെ വേദന വർദ്ധിപ്പിക്കുന്നു.

വെസ്റ്റിൻഡീസ് ഇല്ലാത്ത ആദ്യ ഫൈനൽ.വെറും മൂന്ന് ജയങ്ങളുമായി അവർ പുറത്തായിരിക്കുന്നു. അതിൽ ഒരു വിജയം ശ്രീലങ്കയ്ക്കെതിരെ 191 റൺസിന്റെ റെക്കോഡ് വിജയവും ഉൾപ്പെടുന്നു. റൺവേട്ടയിൽ വിവ് റിച്ചാർഡ്സ് 6 മത്സരങ്ങളിൽ നിന്നും 391 റൺസുമായി നാലാമതും, വിക്കറ്റ് വേട്ടയിൽ പാട്രിക് പാറ്റേഴ്സൺ 6 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകളുമായി മൂന്നാമതും ആയത് മാത്രമാണ് ഒരാശ്വാസമായുണ്ടായിരുന്നത്. വേറൊന്നും അവർക്ക് അവകാശപ്പെടാനില്ലായിരുന്നു. അതേ മുൻ ചാമ്പ്യൻമാരുടെ പതനം ശരിക്കും ആരംഭിക്കുകയായിരുന്നു….

ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് സുരക്ഷിതത്വത്തിനാണ് പ്രാധാന്യം കൊടുത്തത്.മുൻനിര ബാറ്റിംഗ് വിഭാഗത്തിൽ ഭൂരിഭാഗവും (ഡേവിഡ് ബൂൺ 75) സുരക്ഷിതമായി ബാറ്റ് ചെയ്തപ്പോൾ നാലാമനായി പ്രൊമോട്ട് ചെയ്യപ്പെട്ട മക്ഡെർമോട്ട് മാത്രം പരാജയപ്പെട്ടു. അവസാനം മൈക്കിൾ വലേറ്റ 45 * എന്ന കണ്ണടക്കാരന്റെ കണ്ണുമടച്ചു കൊണ്ടുള്ള ഇന്നിംഗ്സ്.അതോടെ സ്കോർ 50 ഓവറിൽ 253/5 -ൽ എത്തി.
മധ്യനിരയുടെ പ്രകടനങ്ങളായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തി. ഫൈനലിലും അതാണ് സംഭവിച്ചത് .ബിൽ ആഥിയുടെ (58)അർദ്ധ സെഞ്ചുറിക്കൊപ്പം ക്യാപ്റ്റൻ മൈക് ഗാറ്റിങ്ങിന്റെ വക41 റണ്ണുകളും ചേർന്നപ്പോൾ ഇംഗ്ലണ്ടിനും വിജയത്തിനുമിടയിൽ 120 റണ്ണുകളുടെ വിടവ് മാത്രം. ഓസീസ് നായകൻ അലൻ ബോർഡർ പന്തെടുത്തു. ആദ്യത്തെ പന്ത് വിക്കറ്റ് കീപ്പർ ഗ്രെഗ് ഡയറിന്റ കൈകളിൽ. മത്സരഗതി അതോടെ റിവേഴ്സ് ആയി. ഒടുവിൽ ഡിഫ്രെയ്റ്റസ് നടത്തിയ പ്രത്യാക്രമണം അതിജീവിച്ച് ഓസ്ട്രേലിയ 7 റണ്ണുകൾക്ക് വിജയിക്കുന്നു. ഇന്ത്യക്കെതിരെയുള്ള തുടക്കം പോലെ തന്നെ അവസാനവും … വിജയം അവസാന നിമിഷത്തിൽ കംഗാരുക്കൾ തട്ടിയെടുത്തു..കന്നി കിരീടത്തിൽ മുത്തമിട്ടു.. ഇതൊരു രാജാക്കൻമാരുടെ തുടക്കവുമായിരുന്നു…. ഓസീസിന്റെ പ്രയാണം തുടങ്ങുന്നു… പിന്നീട് നാം കാണുന്നതെല്ലാം ഓസീസ് മേധാവിത്വത്തിന്റെ നാളുകൾ !

by
Arun Paul.

നിങ്ങൾക്കറിയാമോ?
WC -ൽഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരം ?
(ശരിയുത്തരം അടുത്ത ഭാഗത്തിൽ)

Leave a comment